Currency

കുവൈത്ത് കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി മൂന്ന് മാസമാക്കി ഉയര്‍ത്തി

സ്വന്തം ലേഖകന്‍Tuesday, September 18, 2018 12:49 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസയുടെ കാലാവധി മൂന്ന് മാസമാക്കികൊണ്ട് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഇതനുസരിച്ച് രാജ്യത്ത് ജോലിയുള്ള വിദേശിക്ക് ഭാര്യ, മക്കള്‍ എന്നിവരെ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്നാല്‍ പരമാവധി മൂന്ന് മാസംവരെ കുവൈത്തില്‍ നിര്‍ത്താം. മന്ത്രാലയത്തിലെ പാസ്പോര്‍ട്ട് പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി പ്രാദേശിക അറബ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് അടുത്തിടെയായി എല്ലാ തരം സന്ദര്‍ശക വിസയുടെയും കാലാവധി ഒരു മാസമായി പരിമിതപ്പെടുത്തിയിരുന്നു. ഏറ്റവും അടുത്ത കുടുംബത്തെ വിട്ടുനില്‍ക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് ഇതില്‍ മാറ്റം വരുത്തിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. ഏതെങ്കിലും വിദേശി കഴിഞ്ഞ ആഴ്ച ഭാര്യക്കും മക്കള്‍ക്കും വേണ്ടി ഒരു മാസത്തേക്കുള്ള സന്ദര്‍ശക വിസ ഇഷ്യൂ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിച്ച് അത് മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസയാക്കിമാറ്റാന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം മാതാപിതാക്കള്‍, സഹോദരിസഹോദരന്മാര്‍ പോലുളള കുടുംബത്തിലെ മറ്റുള്ളവര്‍ക്കുളള സന്ദര്‍ശക വിസ, കൊമേഴ്സ്യല്‍ സന്ദര്‍ശക വിസ എന്നിവയുടെയെല്ലാം കാലാവധി ഒരുമാസം തന്നെയായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x