
കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കു മരുന്നു വിപത്തിനെതിനെതിരെ ദേശീയ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടു മയക്കുമരുന്നിനെതിരെ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എന്‍ സഹകരണത്തോടെ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പഠന-പരിശീലനകാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ മാസിന്‍ അല്‍ ജര്‍റാഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുവാക്കളെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗ ശീലം കൂടിവരുന്നുണ്ട്. മയക്കുമരുന്ന് വിപത്തിനെതിനെതിരെ ദേശീയ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹും ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷിതാക്കളും സ്‌കൂള്‍ കോളജ് അധികൃതരും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ മഹാ വിപത്തില്‍ നിന്ന് യുവാക്കളെ രക്ഷിക്കാനാകുമെന്നും മാസിന്‍ അല്‍ ജര്‍റാഹ് കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.