
റിയാദ്: സൗദിയില്‍ ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്തെ ഉന്നത സ്പെഷ്യലിസ്റ്റ് തസ്തികകളില്‍ പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കി. ഉന്നത തസ്തികളായ ഡയറക്ടര്‍, മാനേജര്‍, സൂപ്പര്‍വൈസര്‍ തുടങ്ങി സെക്രട്ടറി, ക്ലര്‍ക്ക് വരെയുള്ള മുഴുവന്‍ തസ്തികകളും പൂര്‍ണ്ണമായി സ്വദേശിവല്‍ക്കരണത്തില്‍ ഉള്‍പ്പെടും. ബാഗേജ് ബോയ്, ഡ്രൈവര്‍, പരിചാരകന്‍ തുടങ്ങിയ തസ്തികകള്‍ മാത്രമാണ ഈ രംഗത്ത് പൂര്‍ണ്ണ സ്വദേശിവല്‍ക്കരണത്തില്‍ ഉള്‍പ്പെടാത്തതായി ഉണ്ടാവുക. ഈ മേഖലയിലെ മുഴുവന്‍ തസ്തികകളിലും അടുത്ത അഞ്ച് മാസത്തിനകം സ്വദേശി യുവതി- യുവാക്കളെ നിയമിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.
തൊഴില്‍ സാമൂഹ്യ കാര്യ വകുപ്പ് മന്ത്രി എഞ്ചിനിയര്‍ അഹമ്മദ് അല്‍ റാജിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഹിജ്റ മാസം ജമാദുല്‍ അവ്വല്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തിലാകും. ഉയര്‍ന്ന യോഗ്യതയുള്ള സൗദി യുവതിയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ്.
ഉത്തരവ് നിലവില്‍ വന്നതോടെ ഇതിലുള്‍പ്പെട്ട തസ്തികകളില്‍ നിന്ന് മറ്റ് തസ്തികളിലേക്ക് മാറുന്നതിനും സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനും വിദേശ തൊഴിലാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.