Currency

ഇന്ത്യന്‍ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; സൗദിയില്‍ ഇനി ലേബര്‍ വിസയില്ല; തൊഴിലാളികള്‍ പരീക്ഷയെഴുതേണ്ടിവരും

സ്വന്തം ലേഖകന്‍Thursday, November 14, 2019 11:06 am

റിയാദ്: സൗദിയില്‍ ലേബര്‍ എന്ന പേരിലുള്ള വിസ നിര്‍ത്തലാക്കുന്നു. വിദേശ ജോലിക്കാര്‍ക്കായി പുതുതായി ആരംഭിക്കുന്ന തൊഴില്‍ നൈപുണ്യ പരീക്ഷ പദ്ധതിയനുസരിച്ചായിരിക്കും ഇനിമുതല്‍ തൊഴിലാളികളുടെ വിസകള്‍ ഇഷ്യൂ ചെയ്യുക. അടുത്ത മാസത്തോടെ പദ്ധതി നടപ്പാക്കും. തൊഴിലാളികളുടെ വര്‍ധനവ് കണക്കിലെടുത്ത് ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലാണ് ആദ്യം പരീക്ഷ നടപ്പാക്കുക. വിദേശ തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍രംഗത്ത് ഗുണമേന്മ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുള്ളതാണ് പുതിയ പദ്ധതി.

തൊഴിലാളികള്‍ അവരുടെ തൊഴില്‍ മേഖലയില്‍ പ്രത്യേകം നൈപുണ്യ പരീക്ഷയെ അഭിമുഖീകരിക്കേണ്ടിവരും. തൊഴിലാളി എന്നര്‍ത്ഥമുള്ള ആമില്‍ എന്ന പ്രൊഫഷന്‍ ഇനി മുതല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ വിസ സംവിധാനത്തില്‍ ഉണ്ടാവില്ല. അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കുമെങ്കിലും ഒരു വര്‍ഷത്തിന് ശേഷമായിരിക്കും പൂര്‍ണമായും നിര്‍ബന്ധമാക്കുക.

പ്ലംമ്പിങ്, ഇലക്ട്രിക് തൊഴില്‍ മേഖലകളിലായിരിക്കും ആദ്യ മാറ്റങ്ങള്‍. അടുത്ത വര്‍ഷം ഏപ്രിലില്‍ റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിങ്, വാഹന ഇലക്ട്രിക്കല്‍ ജോലികള്‍, മെക്കാനിക് തുടങ്ങിയ മേഖലകളിലും പദ്ധതി നടപ്പാക്കും. ജൂലൈ മാസം മുതല്‍ മരപ്പണികള്‍, വെല്‍ഡിങ്, ആഭരണ നിര്‍മാണം തുടങ്ങിയവയിലും ഒക്ടോബര്‍ മുതല്‍ പെയ്ന്റിങ്, തേപ്പ്, ടൈല്‍സ് ജോലികളിലും അവസാന ഘട്ടമായ 2021 ജനുവരിയില്‍ നിര്‍മാണ മേഖല, ഇരുമ്പ് പൈപ്പിങ് ജോലികള്‍, മറ്റു സാങ്കേതിക മേഖലകളിലും പദ്ധതി നടപ്പാക്കും. പരീക്ഷയില്‍ പാസാകുന്നവര്‍ക്കു അഞ്ച് വര്‍ഷ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റായിരിക്കും നല്‍കുക.

ഭാവിയില്‍ രാജ്യത്ത് ജോലി ചെയ്യുന്നതിനും പ്രൊഫഷന്‍ മാറ്റത്തിനും പുതുക്കുന്നതിനും മറ്റു സര്‍ക്കാര്‍ നടപടികള്‍ക്കുമെല്ലാം തൊഴില്‍ പരീക്ഷ നിര്‍ബന്ധമായിരിക്കും. രാജ്യത്തിനകത്ത് 450 റിയാലിനും 600 റിയാലിനുമിടയിലും വിദേശ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ 100 റിയാലിനും 150 റിയാലിനുമിടയിലായിരിക്കും പരീക്ഷ ഫീസ്. ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്തോനോഷ്യ, ഈജിപ്ത്, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ എന്നീ 7 രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് പരീക്ഷ നടപ്പാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x