Currency

തിരക്കേറിയ റോഡുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് ഡിമെന്‍ഷ്യയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍Sunday, January 8, 2017 8:50 am

തിരക്കേറിയ റോഡുകള്‍ക്ക് സമീപം താമസിക്കുന്നവരില്‍ ഡിമെന്‍ഷ്യ നിരക്ക് വര്‍ധിക്കുന്നുവെന്ന് പഠനം. യുകെ മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിമെന്‍ഷ്യ ബാധിതരില്‍ 10 ശതമാനവും തിരക്കേറിയ റോഡുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരാണെന്ന് പഠനം പറയുന്നു. ഗവേഷകര്‍ കാനഡയിലെ രണ്ടു മില്യണ്‍ പേരില്‍ 11 വര്‍ഷമായി നടത്തിയ പഠനത്തില്‍ വായു മലിനീകരണവും ഗതാഗതത്തിരക്കുമൂലമുള്ള ശബ്ദമലിനീകരണവും തലച്ചോര്‍ ക്ഷയിക്കുന്നതിന് കാമരണമാകുന്നുവെന്ന് കണ്ടെത്തി.

പുതിയ കണ്ടെത്തലിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും തീര്‍ച്ചയായും ശരിയെന്നു തോന്നുന്ന കണ്ടെത്തലാണിതെന്നും യുകെയിലെ ഡിമെന്‍ഷ്യ വിദഗ്ധര്‍ പറഞ്ഞു. ലോകത്ത് ഏകദേശം അഞ്ചുകോടി ജനങ്ങള്‍ ഡിമെന്‍ഷ്യ ബാധിതരായിട്ടുണ്ട്. എന്നാല്‍ ഈ രോഗം ബാധിച്ചവര്‍ക്ക് ഓര്‍മ്മയും തലച്ചോറിന്റെ പ്രവര്‍ത്തനശേഷിയും നഷ്ടമാകുന്നതിനു കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

2001 നും 2012 നുമിടയില്‍ കാനഡ ഒന്റാറിയോയിലെ 20 ലക്ഷം പേരെയാണ് ലാന്‍സെറ്റ് പഠനവിധേയമാക്കിയത്. ഇവരില്‍ 2,43,611 പേരില്‍ ഡിമെന്‍്ഷ്യ കണ്ടെത്തി. എന്നാല്‍ തിരക്കേറിയ റോഡുകള്‍ക്ക് സമീപം താമസിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗമെന്നതാണ് ഇതില്‍ പ്രധാനമായ വസ്തുത. പ്രധാന റോഡുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 300 മീറ്റര്‍ ചുറ്റളവിനു പുറത്ത് താമസിക്കുന്നവരേക്കാള്‍ ഏഴു മടങ്ങ് അധികമാണെന്ന് പഠനം പറയുന്നു. 50 നും 100 മീറ്ററിനും ഇടയില്‍ താമസിക്കുന്നവര്‍ക്ക് 4 ശതമാനവും 101 നും 200 മീറ്ററിനും ഇടയില്‍ താമസിക്കുന്നവര്‍ക്ക് 2 ശതമാനം അധികമാണെന്നും പഠനം പറയുന്നു.

പ്രധാന റോഡുകള്‍ക്ക് സമീപം താമസിക്കുന്നവരില്‍ കണ്ടെത്തിയ ഡിമെന്‍ഷ്യ രോഗികളില്‍ 7 മുതല്‍ 11 ശതമാനത്തിലും രോഗം ബാധിക്കാനുള്ള കാരണം റോഡിലെ ഗതാഗത തിരക്കുമൂലമുള്ള മലിനീകരണമാണ്. തിരക്കേറിയ ഗതാഗതം കൊണ്ടുണ്ടാകുന്ന ശബ്ദമലിനീകരണം, വായു മലീനീകരണം എന്നിവ ആരോഗ്യത്തെ ഏതെല്ലാം രീതിയില്‍ ബാധിക്കുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട്. ശബ്ദവും സൂഷ്മ കണങ്ങളും നൈട്രജന്‍ ഓക്‌സൈഡും മറ്റ് വസ്തുക്കളുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നിരുന്നാലും ഡിമെന്‍ഷ്യ ബാധിതരായവര്‍ എവിടെയാണ് താമസിച്ചിരുന്നതെന്നാണ് പഠനം വിലയിരുത്തിയിരിക്കുന്നത്. തിരക്കേറിയ റോഡുകളാണ് രോഗത്തിന് കാരണമാകുന്നതെന്ന് തെളിഞ്ഞിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x