
കുവൈത്ത് സിറ്റി: കുവൈത്തിലെ മണി എക്സ്ചേഞ്ചുകളില്‍ സ്വദേശി സംവരണത്തിന്റെ തോത് ഉയര്‍ത്തണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം. ഇനി മുതല്‍ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 15 ശതമാനം സ്വദേശികളെ നിയമിക്കണം. നിലവില്‍ മൊത്തം ജീവനക്കാരുടെ 13 ശതമാനം കുവൈത്തികള്‍ ആയിരിക്കണം എന്നാണ് നിയമം. ജൂലൈ 20 മുതലാണ് സംവരണതോത് പതിനഞ്ചു ശതമാനമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലാകുക.
ധനവിനിമയ സ്ഥാപനങ്ങളിലെ സംവരണ തോത് ഉയര്‍ത്തിക്കൊണ്ടുള്ള മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ ബാങ്ക് എക്സ്ചേഞ്ച് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം നിര്‍ദേശം നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് എക്സ്ചേഞ്ച് കമ്പനികളുടെ വാദം. പരമാവധി മുന്നൂറ് ദിനാര്‍ വരെയാണ് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളം. ദിവസം എട്ടു മണക്കൂര് വീതം ആഴ്ചയില്‍ ആറു ദിവസം രണ്ടു ഷിഫ്റ്റുകള്‍ ആയി ജോലി ചെയ്യേണ്ടി വരും.
താരതമ്യേന കുറഞ്ഞ വേതനത്തിന് ഈ രീതിയില്‍ ജോലി ചെയ്യാന്‍ കുവൈത്തി ഉദ്യോഗാര്‍ത്ഥികള്‍ തയാറാകുമോ എന്നതാണ് പ്രധാന പ്രശ്നം. ഉയര്‍ന്ന വേതനം നല്കി കുവൈത്തി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കേണ്ടി വന്നാല്‍ അത് കമ്പനികളുടെ നിലനില്‍പ്പിനെ അവതാളത്തിലാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി മാന്‍പവര്‍ അതോറിറ്റിക്ക് കത്തയക്കാനുള്ള തയാറെടുപ്പിലാണ് എക്സ്ചേഞ്ച് ഉടമകളുടെ കൂടായ്മയായ ഫെഡറേഷന് ഓഫ് എക്സ്ചേഞ്ച് കമ്പനീസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.