
ദുബായ്: യുഎഇയിലെ മുസ്ലിംപള്ളികളിലും സ്വദേശിവല്‍കരണം. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍നഹ്യാന്‍ പുറപ്പെടുവിച്ച പള്ളി പരിപാലന നിയന്ത്രണനിയമത്തിലാണ് സ്വദേശിവല്‍കരണം ഉള്‍പ്പെടെ നിരവധി നിര്‍ദേശങ്ങളുള്ളത്. പള്ളികളിലെ ജീവനക്കാരായി സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ നിയമം. യോഗ്യരായ സ്വദേശികളുടെ അഭാവത്തില്‍ മാത്രമേ പ്രവാസികളെ പള്ളികളില്‍ നിയമിക്കാവൂ എന്ന് നിയമം നിര്‍ദേശിക്കുന്നു.
പള്ളികള്‍ക്ക് പുറമെ, സ്വകാര്യപ്രാര്‍ഥനാ സ്ഥലങ്ങള്‍, ഈദ് മുസല്ലകള്‍ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്. നിയമവിരുദ്ധ സംഘങ്ങളുമായും രാഷ്ട്രീയപ്രവര്‍ത്തനങ്ങളുമായും ബന്ധമുള്ളവരെ പള്ളി ജീവനക്കാരായി നിയമിക്കാന്‍ പാടില്ല. ജീവനക്കാര്‍ പള്ളിക്ക് പുറത്ത് പ്രഭാഷണം, ഖുര്‍ആര്‍ അധ്യയനം, മതപഠനക്ലാസുകള്‍ എന്നിവ നടത്തരുത്. സംഭാവനപിരിക്കാനും പാടില്ല. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത സല്‍സ്വഭാവികളെ മാത്രമേ ജീവനക്കാരായി പരിഗണിക്കാവൂ. അക്കാദമിക യോഗ്യതയുള്ളവരായിക്കണം. യോഗ്യതാ പരീക്ഷകളും പാസായിരിക്കണം.
ഒരു പ്രദേശത്ത് ഒരേ പേരില്‍ രണ്ട് പള്ളികള്‍ പാടില്ല. പള്ളികളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സെമിനാറും പ്രഭാഷണങ്ങളും നിയമം വിലക്കുന്നുണ്ട്. പള്ളികളിലെ ഭക്ഷണം വിതരണം, യാചന എന്നിവക്കും വിലക്കുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.