Currency

ലണ്ടന്‍- കൊച്ചി വിമാന സര്‍വീസ് ഒക്ടോബര്‍ വരെ നീട്ടി

സ്വന്തം ലേഖകന്‍Sunday, September 6, 2020 5:07 pm

ലണ്ടന്‍: ഓഗസ്റ്റ് 29ന് ആരംഭിച്ച ലണ്ടന്‍- കൊച്ചി, കൊച്ചി- ലണ്ടന്‍ പ്രതിവാര ഡയറക്ട് വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ നീട്ടി. ഈ മാസം 26 വരെ സര്‍വീസ് തുടരാനായിരുന്നു ആദ്യ തീരുമാനം. ഇതാണ് ഇപ്പോള്‍ ഒക്ടോബര്‍ 24 വരെ നീട്ടിയിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും കൊച്ചിയില്‍നിന്നും ഹീത്രൂവിലേക്കും ശനിയാഴ്ച തിരിച്ച് കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസുകള്‍. 10 മണിക്കൂര്‍ നീളുന്ന നോണ്‍സ്റ്റോപ്പ് സര്‍വീസുകളാണ് വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്. ഇത് വിജയകരമായാല്‍ ഒരു പക്ഷേ, ഭാവിയില്‍ സ്ഥിരമായി ലണ്ടന്‍- കൊച്ചി ഡയറക്ട് വിമാനസര്‍വീസ് എന്ന ആശയം പ്രാവര്‍ത്തികമായേക്കും.

കേരളത്തില്‍ നാല് രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉണ്ടായിട്ടും ഇതുവരെ യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ നേരിട്ട് സര്‍വീസ് ഇല്ലാരുന്നു. എയര്‍ ഇന്ത്യയ്ക്ക് ലാന്‍ഡിങ് ഫീസ്, പാര്‍ക്കിങ് ഫീസ് എന്നീ ഇനങ്ങളില്‍ 1.75 ലക്ഷത്തോളം രൂപ ഒഴിവാക്കിക്കൊടുത്താണ് നെടുമ്പാശേരിയില്‍ നിന്നും ലണ്ടന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഇതിനു പുറമെ കാബിന്‍ ക്രൂവിന്റെ കൊച്ചിയിലെ താമസത്തിനും കാര്‍ഗോ സര്‍വീസിനും ഒട്ടേറെ ഇളവുകള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.

കോവിഡിനു മുമ്പ് നെടുമ്പാശേരിയില്‍ നിന്നും പ്രതിദിനം 30,000 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. ഇതില്‍ 15,000 പേര്‍ വിദേശ യാത്രക്കാരും. കൊച്ചിയില്‍നിന്നുള്ള പ്രതിദിന യാത്രക്കാരില്‍ 1500 പേര്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്നവരാണ്. ബ്രിട്ടീഷ് എയര്‍വേസ്, ലുഫ്താന്‍സ തുടങ്ങിയ വിമാനക്കമ്പനികളുമായും സിയാല്‍ അധികൃതര്‍ ചര്‍ച്ച നടത്തുന്നുണ്ട്. എയര്‍ ഇന്ത്യയ്ക്ക് അനുവദിച്ച ലാന്‍ഡിങ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ളവ അവര്‍ക്കും അനുവദിക്കാന്‍ കമ്പനി തയാറാണ്. എയര്‍ ഇന്ത്യയുടെ ലണ്ടന്‍ സര്‍വീസ് വിജയപ്രദമായാല്‍ മറ്റ് വിമാനക്കമ്പനികളും ഇതേ പാത പിന്തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x