ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന ഓക്‌സ്ഫഡ്- ആസ്ട്രാ- സെനിക്ക വാക്‌സീന്റെ ഉപയോഗം താല്‍കാലികമായി നിര്‍ത്തിവച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. ഈ വാക്‌സീന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലിയും ജര്‍മ്മനിയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ വാക്‌സീന്‍ വിതരണം താല്‍കാലികമായി നിര്‍ത്തിയത്.
ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിച്ച മില്യണ്‍ കണക്കിന് ഡോസ് ഓക്‌സ്‌ഫെഡ്- ആസ്ട്രാ സെനീക്ക വാക്‌സീനുകള്‍ വരും ദിവസങ്ങളില്‍ ബ്രിട്ടനിലേക്ക് എത്താനിരിക്കെയാണ് ഓക്‌സ്‌ഫെഡ് വാക്‌സീന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ബ്രിട്ടനില്‍ ഇതിനോടകം രണ്ടര കോടിയിലേറെ ആളുകള്‍ക്ക് കോവിഡ് വാക്‌സീന്റെ ആദ്യഡോസ് നല്‍കിക്കഴിഞ്ഞു. ഇതില്‍ ഭൂരിപക്ഷത്തിനും നല്‍കിയിരിക്കുന്നത് ഓക്‌സ്ഫഡ് ആസ്ട്രാ സെനിക്ക വാക്‌സീനാണ്. ഇവിടെ പാര്‍ശ്വഫലങ്ങളുടെ ഗുരുതരമായ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.
എന്നാല്‍ വാക്‌സീനെതിരായ ആരോപണത്തിന് മതിയായ തെളിവുകളില്ലെന്നാണ് ആസ്ട്രാ- സെനിക്ക കമ്പനിയും യൂറോപ്യന്‍ റഗുലേറ്റേഴ്‌സും പ്രതികരിക്കുന്നത്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട പാര്‍ശ്വഫലങ്ങള്‍ വാക്‌സീന്റേതാണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. എന്നാല്‍ യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയുടെ തീരുമാനം അനുസരിച്ചാകും ഇനി ഈ രാജ്യങ്ങള്‍ വാക്‌സീന്‍ വിതരണം പുനരാരംഭിക്കുക.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വാക്‌സീന്‍ വിതരണം നിര്‍ത്തിവയ്ക്കരുതെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.