Currency

ലുബാന്‍ ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു; സൗദിയില്‍ കനത്ത മഴക്ക് സാധ്യത

സ്വന്തം ലേഖകന്‍Tuesday, October 16, 2018 3:20 pm

റിയാദ്: യെമന്‍ തീരത്ത് പ്രവേശിച്ച ലുബാന്‍ ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. കാറ്റിന്റെ ഗതിവേഗം കുറഞ്ഞതോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. നിലവില്‍ ലുബാന്‍ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ മുപ്പത് കിലോമീറ്ററിന് താഴെയാണ്. അതേസമയം യമന്‍ തീരത്ത് മഴ പെയ്യുന്നുണ്ട്. ഇതോടെ പൊടിക്കാറ്റിന് പിന്നാലെ സൗദി അറേബ്യയുടെ മിക്ക പ്രവിശ്യകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

ലുബാന്‍ യമന്‍ കര തൊട്ടതോടെ സൗദി അതിര്‍ത്തിയില്‍ കാര്‍മേഘങ്ങള്‍ ശക്തമാണെന്നും സൗദി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നജ്റാന്‍, ശറൂറ, ഖര്‍ഖീര്‍, ജിസാന്‍, അസീര്‍, അല്‍ബാഹ, ഫുര്‍സാന്‍ ദ്വീപ്, റിയാദിലെ വാദി ദവാസിര്‍ എന്നിവിടങ്ങളില്‍ മഴ പെയ്‌തേക്കും.

മക്ക, മദീന പ്രവിശ്യകളിലും റിയാദ്, അഫീഫ്, ദവാദ്മി, അഫ്ലാജ്, ഹായില്‍, ഖസീം എന്നിവിടങ്ങളിലും നാളെ മുതല്‍ വ്യാഴാഴ്ച വരെ മഴക്ക് സാധ്യതയുണ്ട്. ജിദ്ദ, റാബിഗ്, ലൈത്ത്, ഖുന്‍ഫുദ, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മറ്റന്നാള്‍ മുതലും മഴയുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x