Currency

മക്ക-മദീന അതിവേഗ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാന്‍ സൗദി

സ്വന്തം ലേഖകന്‍Sunday, October 20, 2019 12:21 pm

റിയാദ്: സൗദിയിലെ മക്ക-മദീന അതിവേഗ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കിംങ്ങ് അബ്ദുല്‍ അസീസ് വിമാനത്താവള റെയില്‍വേ സ്റ്റേഷന്‍ ഉപയോഗപ്പെടുത്തിയാണ് സര്‍വ്വീസ് പുനരാരംഭിക്കുന്നത്. കിങ് അബ്ദുല്‍ അസീസ് വിമാനത്താവള റെയില്‍വേ സ്റ്റേഷനിലേക്ക് റെയില്‍വേ പാളം ഘടിപ്പിക്കുന്ന ജോലികള്‍ പകുതിയും പൂര്‍ത്തിയായി. അണ്ടര്‍ഗ്രൗണ്ടിലെ ജോലികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് കഴിഞ്ഞ ദിവസം പാളയങ്ങള്‍ ഘടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചത്.

ജിദ്ദയിലെ സുലൈമാനിയ റെയില്‍വേ സ്റ്റേഷനിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്നാണ് ജിദ്ദ വിമാനത്താവള റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാനൊരുങ്ങുന്നത്. സ്റ്റേഷനകത്തെ ജോലികളും ഹാളുകളിലെ ക്രമീകരണങ്ങളും നേരത്തെ പൂര്‍ത്തിയായതാണ്. അഗ്‌നിബാധയെ തുടര്‍ന്ന് മക്കക്കും മദീനക്കുമിടയിലെ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് യുദ്ധകാലടിസ്ഥാനത്തില്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്നത്.

വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഒന്നര കിലോ മീറ്റര്‍ ദൂരത്തിലാണ് പാളയം സ്ഥാപിക്കുന്നത്. ഇതിനായി സ്ഥലത്ത് മുഴുസമയ ജോലികളാണ് നടന്നുവരുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ട്രെയിന്‍ ഗതാഗതം താമസിയാതെ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x