Currency

മക്കെയ് റീജയണൽ കൗൺസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഇനിമുതൽ ഫ്‌ളൂറൈഡ്‌ ചേർക്കില്ല

സ്വന്തം ലേഖകൻMonday, October 3, 2016 12:29 pm

കഴിഞ്ഞ ദിവസം ചേർന്ന സിറ്റി കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ബ്രിസ്ബേൺ: ക്യൂൻസ് ലാൻഡിലെ മക്കെയ് റീജിയണൽ കൗൺസിൽ വിതരണം ചെയ്യുന്ന വെള്ളത്തിൽ ഇനിമുതൽ ഫ്‌ളൂറൈഡ്‌ ചേർക്കില്ല. കഴിഞ്ഞ ദിവസം ചേർന്ന സിറ്റി കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2007 മുതൽ രാജ്യത്തെ വിവിധ കൗൺസിലുകൾക്ക് കീഴിൽ വിതരണം ചെയ്യുന്ന വെള്ളത്തിൽ ഫ്‌ളൂറൈഡ്‌ ചേർക്കണമെന്ന് നിബന്ധന ഉണ്ടായിരുന്നു. എന്നാൽ ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരമാനം.

2012 ലാണ് വെള്ളത്തിൽ ഫ്‌ളൂറൈഡ്‌ ചേർക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അതത് പ്രദേശത്തെ കൗൺസിലുകൾക്ക് തീരുമാനം കൈക്കൊള്ളാമെന്ന് സർക്കാർ നിലപാടെടുത്തത്. നേരത്തെ ഫ്‌ളൂറൈഡ്‌ അടങ്ങിയ വെള്ളത്തിന്റെ ഉപയോഗം പല്ലുകൾക്ക് ദോഷം ചെയ്യുന്നതായി ദന്തരോഗ വിദഗ്തർ അഭിപ്രായപ്പെട്ടിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ് ലാൻഡ് അടുത്തിടെ നടത്തിയ പഠനത്തിൽ പ്രദേശത്തെ അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 19 ശതമാനം പേരുടെയും പല്ലുകൾക്ക് തേയ്മാനം സംഭവിച്ചതായും കണ്ടെത്തുകയുണ്ടായി. ഫ്‌ളൂറൈഡ്‌ അടങ്ങിയ വെള്ളം ദീർഘകാലം ഉപയോഗിക്കുന്നത് മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും ഭാവിയിൽ കാരണമായേക്കാമെന്ന് വിദഗ്തർ മുന്നറിയിപ്പും നൽകുന്നു. ഇതേ തുടർന്നാണു വെള്ളത്തിൽ ഇനിമുതൽ ഫ്‌ളൂറൈഡ്‌ ചേർക്കേണ്ടതില്ല എന്ന തീരുമാനം മക്കെയ് കൗൺസിൽ എടുത്തിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x