
അബുദാബി: 20 വര്‍ഷമായി നാട്ടില്‍ പോകാനാവാതെ യുഎഇയില്‍ കഴിയുന്ന മലയാളി വയോധിക പൊതുമാപ്പ് കാലയളവില്‍ നാട്ടിലേക്കു മടങ്ങാനൊരുങ്ങുന്നു. ജയില്‍ശിക്ഷയ്ക്കും നീണ്ട പ്രവാസത്തിനും ശേഷമാണ് മലയാളി വയോധിക നാട്ടിലേയ്ക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നത് പക്ഷേ നാട്ടിലെത്തിയാല്‍ സ്വീകരിക്കാന്‍ ആരും ഇല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.
1977ല്‍ മുംബൈ വഴി യുഎഇയിലെത്തിയ കൊല്ലം തങ്കശ്ശേരി സ്വദേശിയായ 73കാരിയാണ് ഇപ്പോള്‍ ഒറ്റപ്പെടലിന്റെ വേദനയില്‍ കഴിയുന്നത്. ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചതോടെ ഇവര്‍ അഞ്ചുവയസുള്ള മകളെ സഹോദരിയെ ഏല്‍പിച്ചു നാടുവിടുകയായിരുന്നു. മുബൈയില്‍ നിന്ന് അബുദാബിയിലെത്തി സ്വകാര്യ റിയല്‍എസ്റ്റേറ്റ് കമ്പനി ജനറല്‍മാനേജരായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ബിസിനസ് തുടങ്ങി. അക്കാലത്ത് മകളുമായും ബന്ധുക്കളുമായും നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാല്‍ ചെക്ക് കേസില്‍പെട്ട് ജയിലിലായതോടെ കുടുംബാംഗങ്ങള്‍ എല്ലാ ബന്ധവും വിച്ഛേദിച്ചു. പിന്നീട് നീണ്ട 12 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ ഇവര്‍ സമീപവാസികളുടെ കരുണയിലാണ് ഇപ്പോള്‍ കഴിയുന്നത്.
ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി ചെറിയ ജോലികള്‍ ചെയ്തു ജീവിക്കുന്നതിനിടയില്‍ കെട്ടിട വാടക കൊടുക്കാത്തതിന് ഉടമ വാങ്ങിക്കൊണ്ടുപോയ പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചില്ല. എങ്കിലും പഴയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് സൂക്ഷിച്ചിട്ടുണ്ടെന്നും പറയുന്നു. കടുത്ത പ്രമേഹരോഗിയായ ഇവര്‍ ഇപ്പോള്‍ അവശ നിലയിലാണ്. അവസാനകാലം നാട്ടിലാകണമെന്ന ആഗ്രഹം മാത്രമാണിപ്പോള്‍. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന പൊതുമാപ്പില്‍ ആദ്യം തന്നെ ഔട് പാസ് സ്വന്തമാക്കി പോകണം അതിനുള്ള നടപടികള്‍ തനിക്കറിയില്ലെന്നും ആരെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷയിലാണ് താന്‍ കഴിയുന്നതെന്നും അവര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.