
റിയാദ്: സൗദിയില്‍ ഏജന്റിന്റെ ചതിയില്‍ പെട്ട് ജോലിയും ശമ്പളവും ഇല്ലാതെ മാസങ്ങളായി കടുങ്ങിക്കിടന്ന രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാല് വനിതകള്‍ നാട്ടിലേക്ക് മടങ്ങി. വീട്ട് ജോലിക്കായി സൗദിയിലെത്തി ദുരിതത്തിലായവരാണിവര്‍. ഏജന്റുമാര്‍ വാഗ്ദാനം നല്‍കിയ ജോലിയും ശമ്പളവും നല്‍കാതെയാണ് ഇവരെ ചതിച്ചത്. തുടര്‍ന്ന് ദമ്മാമിലെ വനിതാ അഭയ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു ഇവര്‍.
കൊല്ലം പത്തനാപുരം സ്വദേശി ഓമന, തിരുവനന്തപുരം പാലോട് സ്വദേശി പ്രസന്നകുമാരി, ആന്ധ്രാപ്രദേശ് സ്വദേശി വരലക്ഷ്മി, ഹൈദ്രാബാദ് സ്വദേശി ഗൗസിയാ ബീഗം എന്നിവരാണ് ഏജന്റുമാരുടെ ചതിയില്‍ പെട്ട് നാട്ടിലേക്ക് മടങ്ങിയത്.
പ്രസന്നകുമാരി സൗദിയിലെത്തിയിട്ട് മൂന്ന് വര്‍ഷമായിരുന്നു.നാല് മാസം ജോലി ചെയ്തതിന് ഒരു മാസത്തെ ശമ്പളം മാത്രമേ ഏജന്റ് കയ്യില്‍ തന്നുള്ളൂവെന്ന് പ്രസന്നകുമാരി പറയുന്നു. ഇതിനെക്കുറിച്ച് പരാതിപ്പെട്ടതോടെ സ്‌പോണ്‍സര്‍ പ്രസന്നയെ ഒളിച്ചോട്ടക്കാരി അഥവാ ഹുറൂബാക്കി. മൂന്ന് മാസം മുമ്പ് ദമ്മാമില്‍ എത്തിയതാണ് ഓമന. വിസ നല്‍കിയ ട്രാവല്‍ ഏജന്റ് ചതിക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. സമാനമായ ദുരിതങ്ങള്‍ തന്നെയാണ് ഗാസിയാ ബീഗത്തെയും വരലക്ഷിമിയെയും അഭയ കേന്ദ്രത്തിലേക്കെത്തിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.