Currency

സ്വദേശി താമസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന വിദേശി ബാച്ചിലര്‍മാരെ കുറിച്ചുള്ള വിവര ശേഖരണത്തിനൊരുങ്ങി കുവൈത്ത്

സ്വന്തം ലേഖകന്‍Wednesday, January 9, 2019 12:47 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശി താമസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന വിദേശി ബാച്ചിലര്‍മാരെ കുറിച്ച് വിവരം നല്‍കാന്‍ നിര്‍ദേശം. വിദേശി ബാച്ചിലര്‍മാരെ ഒഴിപ്പിക്കാന്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഫര്‍വാനിയ ഗവര്‍ണറേറ്റാണ് നിര്‍ദേശം നല്‍കിയത്. വിവരങ്ങള്‍ നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

കുടുംബവാസ മേഖലയില്‍ വിദേശി ബാച്ചിലര്‍മാര്‍ക്ക് താമസിക്കാന്‍ അനുമതി നല്‍കുന്നത് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതായി സ്വദേശികളില്‍ നിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അധികൃതര്‍ സമഗ്രപദ്ധതി തയ്യാറാക്കിയത്. ഫര്‍വാനിയ ഗവര്‍ണറേറ്റ് ബ്രാഞ്ച് മാനേജര്‍ അഹ്മദ് അല്‍ ഹസീമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന എമര്‍ജന്‍സി ടീം യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് വഴി ബാച്ചിലര്‍ താമസക്കാരെ കുറിച്ച് പരാതി നല്‍കാനാണ് സ്വദേശികള്‍ക്ക് നല്‍കിയ നിര്‍ദേശം.

പരാതിയുടെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും. വിദേശി ബാച്ചിലര്‍മാര്‍ക്ക് താമസ സൗകര്യം നല്‍കുന്ന കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്നതുള്‍പ്പെടെ നടപടികളും സ്വീകരിക്കും. കെട്ടിട ഉടമകളില്‍നിന്ന് 1,000 മുതല്‍ 10,000 ദിനാര്‍ വരെ പിഴ ഈടാക്കാനും നീക്കമുണ്ട്. ഇതിനായി മുനിസിപ്പല്‍ നിയമത്തില്‍ വരുത്തേണ്ട ഭേദഗതി മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. കെട്ടിട ഉടമകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x