പ്രവാസികൾക്കുള്ള ഇൻഷുറൻസ് പ്രീമിയം ഗവണ്മെന്റ് അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മുഖേന അവരുടെ സ്‌പോൺസർമാർ അടയ്ക്കണം
മനാമ: പ്രവാസികൾ ഉൾപ്പെടെ ബഹ്‌റൈനിൽ താമസിക്കുന്നവർക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ നൽകാൻ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് സ്‌കീം ഒരുങ്ങുന്നു. ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ ഒരു സെമിനാറിലാണ് ഇത് സംബന്ധിച്ച നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പുണ്ടായത്. സുപ്രീം കൌൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലഫ്‌നന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള ൽ ഖലീഫയാണ് ഇതേ പറ്റി സൂചന നൽകിയത്.
പ്രവാസികൾക്കുള്ള ഇൻഷുറൻസ് പ്രീമിയം ഗവണ്മെന്റ് അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മുഖേന അവരുടെ സ്‌പോൺസർമാർ അടയ്ക്കണം. എന്നാൽ ബഹ്‌റൈൻ പൗരന്മാരുടേത് സോഷ്യൽ ഹെൽത്ത് ഇൻഷുറൻസ് ഫണ്ടിലേക്ക് ഗവണ്മെന്റ് തന്നെ അടയ്ക്കും. ഓരോ ബഹ്‌റൈനികൾക്കും 550 ദിനാറും, ഓരോ പ്രവാസിയ്ക്കും 290 ദിനാറും വീതമാണ് ആരോഗ്യമേഖലയിൽ ബഹ്‌റൈൻ ഗവണ്മെന്റ് ഇപ്പോൾ ചെലവിടുന്നത്.
ഈ വർഷം അവസാനത്തോടെ തന്നെ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ രാജ്യത്തെ ഗവണ്മെന്റ് ആശുപത്രികൾക്കും, പ്രാദേശിക ഹെൽത്ത് സെന്ററുകൾക്കും സേവനങ്ങൾക്കായി ആരോഗ്യമന്ത്രാലയത്തെ ആശ്രയിക്കേണ്ടി വരില്ല.
പുതിയ നിയമം വരുന്നതോടെ ഗവണ്മെന്റ് ഇൻഷുറൻസ് തുക ഫണ്ടിലേക്ക് നിക്ഷേപിക്കുകയും പിന്നീട് ഇതിൽ നിന്നും ആശുപത്രികളിലേക്ക് കൊടുക്കുകയും ചെയ്യും. ഇതു മൂലം ആരോഗ്യമേഖലയിൽ ചെലവ് നിയന്ത്രിക്കാനും, പണം നല്ലരീതിയിൽ വിതരണം ചെയ്യുവാനും സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.