Currency

സ്വദേശികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എംജിആര്‍പിയിലൂടെ കുവൈത്ത് നിരീക്ഷിക്കുന്നു

സ്വന്തംലേഖകന്‍Wednesday, November 23, 2016 2:46 pm

സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കു നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നതിനായി സ്വദേശികള്‍ വ്യാജ തൊഴില്‍ രേഖകള്‍ സമര്‍പ്പിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

കുവൈത്ത്‌സിറ്റി: സ്വദേശികള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ കുവൈത്ത് സര്‍ക്കാര്‍ നിരീക്ഷണ വിധേയമാക്കുന്നു. സ്വദേശികളുടെ തൊഴിലിലായ്മ പരിഹരിക്കുക അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന മാന്‍ പവര്‍ ഗവണ്മെന്റ് റീസ്ട്രക്ച്ചറിങ് പദ്ധതിയിലൂടെയാണ് തീരുമാനം നടപ്പിലാക്കുന്നത്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കു നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നതിനായി സ്വദേശികള്‍ വ്യാജ തൊഴില്‍ രേഖകള്‍ സമര്‍പ്പിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ബയാന്‍ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളുടെ ഏകോപനവും MGRP യാണ് നിര്‍വഹിക്കുന്നത്. സ്വദേശികള്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നതായി വ്യാജ രേഖയുണ്ടാക്കി MGRP ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹഹചര്യത്തിലാണ് ഈ പ്രവണത ഇല്ലാതാക്കാന്‍ അധികൃതര്‍ നീക്കമാരംഭിച്ചത്. ഇതിന്റെ ഭാഗമായി 2014 ജൂലായ് ഒന്നിന് കാബിനറ്റ് നിയമിച്ച പ്രത്യേക പഠന സമിതി ഏതാനും ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു.

ഭേദഗതി സംബന്ധിച്ച നിര്‍ദേശങ്ങളില്‍ സാധ്യതാ പഠനം നടത്താന്‍ MGRP ക്കു നിര്‍ദേശം നല്‍കിയതായി കാബിനറ്റ് കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അല്‍ സബാഹ് അറിയിച്ചു. മാന്‍പവര്‍ റിക്രൂട്ട് മെന്റ് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി കാബിനറ്റ് ഫത്വവ നിയമ നിര്‍മാണ സമിതി എന്നിവയുമായി ഏകോപിച്ചു ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x