Currency

വിടവാങ്ങല്‍ പ്രസംഗത്തില്‍ വിതുമ്പലോടെ മിഷേല്‍ ഒബാമ

സ്വന്തം ലേഖകന്‍Saturday, January 7, 2017 12:17 pm
Play

വാഷിംഗ്ടണ്‍: വിടവാങ്ങല്‍ പ്രസംഗത്തില്‍ വിതുമ്പലോടെ മിഷേല്‍ ഒബാമ. ശബ്ദം ഇടറി, കണ്ണുകള്‍ നിറഞ്ഞ്, ഏറെ വികാരാധീനയായിട്ടായിരുന്നു വിടവാങ്ങല്‍ പ്രസംഗത്തില്‍ മിഷേല്‍ ഒബാമ സംസാരിച്ചത്. രാജ്യത്തിന്റെ പ്രഥമ വനിതയായിരിക്കാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനമെന്ന് മിഷേല്‍ പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന ‘സ്‌കൂള്‍ കൗണ്‍സിലര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാര വിതരണ ചടങ്ങായിരുന്നു മിഷേലിന്റെ അവസാന പ്രസംഗ വേദി.

വിതുമ്പലോടെയുള്ള യാത്ര പറയലിന് മുമ്പ് യുവജനതയെ പ്രോത്സാഹിപ്പിക്കാനും അവര്‍ മറന്നില്ല. മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലാവണം രാജ്യത്തെ യുവത മുന്നോട്ട് പോകേണ്ടതെന്ന് മിഷേല്‍ പറഞ്ഞു. ഭയപ്പാടോടെയല്ല പ്രതീക്ഷകളോടെയാണ് ജീവിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൃത്യമായ ലക്ഷ്യത്തോടെ വേണം മുന്നോട്ട് പോകേണ്ടതെന്ന് ആഹ്വാനം ചെയ്ത മിഷേല്‍ മികച്ച വിദ്യാദ്യാസം കൊണ്ട് കരുത്തു നേടുകയാണ് വേണ്ടെതെന്നും ഓര്‍മ്മിപ്പിച്ചു.

michelle-2

അമേരിക്കയിലേക്ക് കുടിയേറി എത്തിയവരും മഹത്തായ അമേരിക്കന്‍ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും മിഷേല്‍ വ്യക്തമാക്കി. തുടര്‍ന്നും രാജ്യത്തിന്റെ പുരോഗതിക്കും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഈ മാസം പത്തിനാണ് പ്രസിഡന്റ് ബരാക് ഒബാമ അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. ജനുവരി 20നാണ് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x