Currency

വ്യാജ പച്ചമരുന്നുകളുടെ വില്‍പന: മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Monday, September 23, 2019 3:23 pm

മസ്‌കത്ത്: വ്യാജ പച്ചമരുന്നുകളുടെയും ആയുര്‍വേദ ഉല്‍പന്നങ്ങളുടെയുമടക്കം വില്‍പന ഒമാന്‍ വിപണിയില്‍ വര്‍ധിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം നിരവധി ഉല്‍പന്നങ്ങളുടെ പ്രചാരണവും വില്‍പനയും നടക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍കൊണ്ടുണ്ടാക്കിയതിനാല്‍ ആരോഗ്യത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ലെന്നും സുരക്ഷിതമാണെന്നും പറഞ്ഞാണ് ഇത്തരം ഉല്‍പന്നങ്ങളുടെ പരസ്യവാചകങ്ങള്‍. പരിശോധനയില്‍ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതെന്ന് പറഞ്ഞുള്ള പല മരുന്നുകളിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

രാസവസ്തുക്കളുണ്ടെന്ന് ഉപഭോക്താക്കളെ അറിയിക്കാതെയാണ് ഇത്തരം മരുന്നുകള്‍ കച്ചവടം നടത്തുന്നത്. വാണിജ്യ വഞ്ചനയില്‍ പെടുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. റോയല്‍ ഡിക്രി 35/2015 പ്രകാരമുള്ള ഫാര്‍മക്കോളജി ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ എസ്റ്റാബ്ലിഷമെന്റ് പ്രഫഷന്‍ സംബന്ധിച്ച നിയമത്തിന്റെ വ്യവസ്ഥകളുടെ ലംഘനംകൂടിയാണ് ഇത്.

അതിനാല്‍ ഇത്തരം വ്യാജ മരുന്നുകള്‍ വില്‍പന നടത്തുന്നവര്‍ക്ക് നിയമപരമായ ഉത്തരവാദിത്തംകൂടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം ഉല്‍പന്നങ്ങള്‍ ഒരു കാരണവശാലും വാങ്ങരുതെന്ന് മന്ത്രാലയം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x