Currency

കുവൈത്തില്‍ സ്വദേശി സംവരണ തോത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ രണ്ടിരട്ടിയാക്കി വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Sunday, February 3, 2019 3:22 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശി സംവരണ തോത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കു പിഴ രണ്ടിരട്ടിയാക്കി വര്‍ധിപ്പിക്കുമെന്നു മാന്‍പവര്‍ അതോരിറ്റി. നിശ്ചിതശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കുള്ള പിഴയാണ് 100 ദിനാറില്‍ നിന്ന് 300 ദിനാറാക്കി ഉയര്‍ത്തുന്നത്.

മാനവശേഷി വകുപ്പ് മേധാവി അഹമ്മദ് അല്‍ മൂസയാണ് സംവരണതോത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ജൂണ്‍ മുതലാണ് പുതുക്കിയ പിഴ പ്രാബല്യത്തിലാക്കുക. സ്വദേശികള്‍ക്ക് ക്വാട്ടയില്‍ നിയമിക്കപ്പെടുന്ന ഓരോ തൊഴിലാളിക്കും മുന്നൂറു ദിനാര്‍ വീതം പിഴ ഈടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായാണ് സ്വകാര്യമേഖലയില്‍ സര്‍ക്കാര്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്.

തൊഴിലിന്റെ സ്വഭാവമനുസരിച്ച് വിവിധ മേഖലകളില്‍ വ്യത്യസ്ത തോതിലാണ് സ്വദേശികള്‍ക്ക് ക്വാട്ട നിശ്ചയിച്ചിട്ടുള്ളത്. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശികള്‍ക്ക് സ്ഥാപനം നല്‍കുന്ന ശമ്പളത്തിന് പുറമെ സര്‍ക്കാര്‍ പ്രത്യേക അലവന്‍സുകളും നല്‍കുന്നുണ്ട്. എന്നാല്‍ പല സ്വകാര്യ കമ്പനികളും സംവരണനിബന്ധന പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ വര്‍ധിപ്പിക്കാന്‍ മാനവശേഷി വകുപ്പ് തീരുമാനിച്ചത്. നിലവില്‍ സ്വദേശികള്‍ക്കു പകരം നിയമിക്കപ്പെടുന്ന ഓരോ തൊഴിലാളിക്കും 100 ദിനാര്‍ ആണ് പിഴ. ഓരോ തവണ തൊഴില്‍ പെര്‍മിറ്റ് പുതുക്കുമ്പോഴും പിഴസംഖ്യ അടക്കേണ്ടിവരുമെന്നും മാന്‍പവര്‍ അതോരിറ്റി മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x