Currency

പ്രവേശന പരീക്ഷകള്‍ ഒന്നിപ്പിക്കാന്‍ ദേശീയ പരീക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നു

സ്വന്തം ലേഖകന്‍Wednesday, December 14, 2016 12:16 pm

ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെയുള്ള ഉന്നത പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന് ദേശീയ പരീക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് (നാഷണല്‍ എക്‌സാമിനേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നു. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിനു കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. നിലവില്‍ സി.ബി.എസ്.ഇ. നടത്തുന്ന പ്രവേശന പരീക്ഷകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലേക്കു മാറ്റാനാണ് തീരുമാനം. ആദ്യമായാണ് പരീക്ഷകള്‍ക്കുമാത്രമായി രാജ്യത്ത് ഒരു സ്ഥാപനം നിലവില്‍ വരുന്നത്. നീറ്റ്, യു.ജി.സി. നെറ്റ്, ജെ.ഇ.ഇ. തുടങ്ങി സി.ബി.എസ്.ഇ. നടത്തുന്ന ആറു പ്രധാന പ്രവേശന പരീക്ഷകളായിരിക്കും ആദ്യഘട്ടത്തില്‍ പരീക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലേക്കുമാറ്റുന്നത്. പരീക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രൂപരേഖ തയ്യാറായിവരികയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

സ്‌കൂള്‍ നടത്തിപ്പിനായി രൂപവത്കരിച്ച ഒരു ബോര്‍ഡാണ് സി.ബി.എസ്.ഇ. അഫിലിയേറ്റ് ചെയ്യപ്പെട്ട ആയിരത്തിലേറെ സ്‌കൂളുകളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയ്യുന്നത്. അതിനു പുറമെ പ്രവേശന പരീക്ഷാ നടത്തിപ്പുകൂടി വരുന്നത് അമിതഭാരമാണെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പരീക്ഷകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് നടത്താന്‍ പ്രത്യേക സ്ഥാപനത്തിന് രൂപംകൊടുക്കുന്നതെന്ന് പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ കാലത്തും സി.ബി.എസ്.ഇ. ഇക്കാര്യം അറിയിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ഏജന്‍സികള്‍ നിലവില്‍ നടത്തിവരുന്ന തൊഴില്‍പരീക്ഷകളുടെ നടത്തിപ്പും അടുത്തഘട്ടത്തില്‍ ഏറ്റെടുത്തേക്കും.അതേസമയം, വിദ്യാഭ്യാസമേഖലയില്‍ ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ ഐ.എ.എസ്. മാതൃകയില്‍ അഖിലേന്ത്യാ വിദ്യാഭ്യാസ സര്‍വീസിന് രൂപംകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജാവഡേക്കര്‍ വ്യക്തമാക്കി. വിദ്യാഭ്യാസമെന്നത് അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ നടത്തേണ്ട വിനിമയമാണെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Comments are closed.

Top
x