
വാഷിംഗ്ടണ്‍: പുതുതായി 6.6 മില്യണ്‍ ആളുകള്‍ കൂടി അമേരിക്കയില്‍ തൊഴില്‍ രഹിതരുടെ പട്ടികയില്‍. ഇതോടെ കോവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടമായവരുടെ ആകെ എണ്ണം 17 മില്യണ്‍ കവിഞ്ഞു. ഏപ്രില്‍ നാലിന് അവസാനിച്ച ആഴ്ച്ചയിലെ കണക്കാണിത്. കഴിഞ്ഞയാഴ്ച്ച 6.9 മില്യണും അതിനു മുന്‍പത്തെ ആഴ്ച്ച 3.3 മില്യണും ആളുകള്‍ തൊഴില്‍രഹിത ആശ്വാസത്തിനായി അപേക്ഷിച്ചിരുന്നു. കോവിഡ് വ്യാപനം മൂലം യഥാര്‍ത്ഥത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ ഇതിലുമേറെയാവുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് തങ്ങളുടെ അപേക്ഷ സമര്‍പ്പിക്കാന്‍ പല സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാത്രാവിലക്കും പലര്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് തടസമായിട്ടുണ്ടെന്ന് കരുതുന്നു.
നിലവിലെ യാത്രാവിലക്കുകള്‍ എപ്പോള്‍ പിന്വലിക്കാനാവുമെന്നതിനെക്കുറിച്ച് ഉറപ്പില്ലാത്തത് ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതേ നിരക്കില്‍ തൊഴില്‍രഹിത ആശ്വാസത്തിനായി അപേക്ഷകള്‍ വന്നാല്‍ അത് സമ്പദ്ഘടനയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്. പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ളവരെയും തുടക്കക്കാരെയും ഈ തിരിച്ചടി ബാധിച്ചുവെന്നാണ് വര്‍ധിച്ചുവരുന്ന തൊഴില്‍രഹിത ആശ്വാസത്തിനായുള്ള അപേക്ഷകള്‍ സൂചിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.