
റിയാദ്: എഞ്ചിനീയറിങ് ജോലികളില്‍ സൗദിയിലെത്തുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ ആറു മാസത്തിനിടെ 18,000 പ്രവാസി എഞ്ചിനീയര്‍മാര്‍ക്ക് ജോലി നഷ്ടമായി. ഏറ്റവും പുതിയ കണക്കു പ്രകാരം സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ രജിസ്ട്രേഷനുള്ള വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം 1,30,551 ആണ്. കഴിഞ്ഞ വര്‍ഷാവസാനം വിദേശികളായ 1,49,300 എന്‍ജിനീയര്‍മാരാണ് രാജ്യത്തുണ്ടായിരുന്നത്. ഈ വര്‍ഷം ഇതുവരെ വിദേശികളായ 18,749 എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായതാണ് കണക്ക്.
അതേസമയം കൗണ്‍സിലില്‍ അംഗത്വമുള്ള സ്വദേശി എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 35 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വിദേശികളും സ്വദേശികളുമടക്കം ആകെ 1,68,098 എന്‍ജിനീയര്‍മാര്‍ക്കാണ് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ രജിസ്ട്രേഷനുള്ളത്. അഞ്ചു വര്‍ഷത്തില്‍ കുറവ് പരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കുന്നതിനുള്ള കരാറില്‍ തൊഴില്‍ മന്ത്രാലയവും സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സും നേരത്തെ ഒപ്പുവെച്ചിരുന്നു.
സ്വദേശിവത്കരണത്തിന് പുറമെ ഈ പുതിയ നിബന്ധനയാണ് വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണം കുറയാന്‍ കാരണമായത്. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എഞ്ചിനീയര്‍മാര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് വഴി പ്രൊഫഷണല്‍ ടെസ്റ്റും അഭിമുഖവും നിര്‍ബന്ധമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.