Currency

ഇന്ത്യന്‍ വംശജനായ ആഷ്‌ലി ടെല്ലിസ് അമേരിക്കന്‍ സ്ഥാനപതിയാകും

സ്വന്തം ലേഖകന്‍Tuesday, January 10, 2017 11:38 am

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ആഷ്‌ലി ടെല്ലിസ് ഇന്ത്യയിലെ അടുത്ത അമേരിക്കന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ സ്ഥാനപതിയായ റിച്ചാര്‍ഡ് വെര്‍മ ഈ മാസം 20 ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ ആദ്യ അമേരിക്കന്‍ അംബാസിഡറായിരുന്നു റിച്ചാര്‍ഡ് വെര്‍മ. ഒബാമയുടെ വിശ്വസ്തനായ വെര്‍മ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതോടെയാണ് ചുമതല ഒഴിയുന്നത്. അദ്ദേഹം തന്നെയാണ് സ്ഥാനമൊഴിയുന്ന കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി പ്രധാന രാജ്യങ്ങളില്‍ വിശ്വസ്തരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ആഷ്‌ലി ടെല്ലിസിന്റെ നിയമനം. മുംബൈയിലാണ് ആഷ്‌ലി ടെല്ലിസിന്റെ ജനനം. ഇന്തോഅമേരിക്ക ആണവ കരാറിന് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് 55 കാരനായ ടെല്ലിസ്.

ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ സീനിയര്‍ അഡൈ്വസര്‍, യുഎസ് സുരക്ഷാ കൗണ്‍സിലില്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ്, സ്ട്രാറ്റജിക് പ്ലാനിംഗ് സീനിയര്‍ ഡയറക്ടര്‍ എന്നീ പദവികളിലും ടെല്ലിസ് മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹം കാര്‍നെജി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ എന്ന സമാധാന സംഘടനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x