
മസ്‌കത്ത്: ഒമാനിലെ ഏറ്റവും വലിയ റോഡ് നിര്‍മാണ പദ്ധതിയായ അല്‍ ബാത്തിന എക്‌സ്പ്രസ്‌വേ ഇന്ന് പൂര്‍ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കും. ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മസ്‌കത്ത് ഹൈവേ അവസാനിക്കുന്ന ഹല്‍ബാനില്‍നിന്ന് തുടങ്ങി വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഷിനാസ് വിലായത്തിലെ ഖത്മത്ത് മലാഹ വരെ നീളുന്ന ബാത്തിന എക്‌സ്പ്രസ്‌വേ പദ്ധതിക്ക് 270 കിലോമീറ്ററാണ് മൊത്തം ദൈര്‍ഘ്യം.
അന്താരാഷ്ട്ര നിലവാരത്തിലാണ് എക്‌സ്പ്രസ്‌വേ നിര്‍മിച്ചത്. ഒരു വശത്തേക്ക് നാലു ലൈനുകള്‍ വീതമാണുള്ളത്. മസ്‌കത്തില്‍ നിന്ന് ദുബായിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാണ് ബാത്തിന എക്‌സ്പ്രസ്‌വേ. മുസന്ദം ഗവര്‍ണറേറ്റ്, വടക്ക്, തെക്ക് ബുറൈമി നിവാസികള്‍ക്ക് മസ്‌കത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ബാത്തിന എക്‌സ്പ്രസ്‌വേ സഹായകരമാകും. ഇതോടൊപ്പം, മസ്‌കത്തില്‍നിന്ന് അബൂദബി, അല്‍ ഐന്‍ ഭാഗത്തേക്ക് പോകുന്നവര്‍ക്ക് ബുറൈമി വഴി എളുപ്പത്തില്‍ പോകാനും സാധിക്കും.
സുഹാര്‍ തുറമുഖം, സുഹാര്‍ വിമാനത്താവളം, സുഹാര്‍ ഫ്രീ സോണ്‍, ഷിനാസ് തുറമുഖം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്കും പുതിയ ഹൈവേ ഉപയോഗിക്കാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.