Currency

അല്‍ ഐനില്‍ കൂടുതല്‍ എസി ബസ് ഷെല്‍ട്ടറുകള്‍

സ്വന്തം ലേഖകന്‍Thursday, July 11, 2019 4:10 pm

അബുദാബി: കടുത്ത ചൂടില്‍നിന്ന് ബസ് യാത്രക്കാരെ രക്ഷിക്കാന്‍ ഈ വര്‍ഷം ശീതീകരിച്ച 20 പുതിയ ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. അല്‍ഐനില്‍ സ്ഥാപിച്ച 4 കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്യവെയാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐടിസി) അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇവ ഉള്‍പ്പെടെ അബുദാബി എമിറേറ്റില്‍ 600 ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനാണ് ഗതാഗത വകുപ്പിന്റെ പദ്ധതി. സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് 137, ഊദ് അല്‍ തൂബ, ഹംദാന്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് 127, മുനിസിപ്പാലിറ്റി സ്ട്രീറ്റ് 124 എന്നിവിടങ്ങളിലാണ് പുതിയ കാത്തിരിപ്പുകേന്ദ്രം സജ്ജമാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. 28 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ബസ് ഷെല്‍ട്ടറുകള്‍.

സുരക്ഷാ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയാണു കാത്തിരിപ്പുകേന്ദ്രം. വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകളെ സംബന്ധിച്ച വിവരങ്ങളും യാത്രയ്‌ക്കെടുക്കുന്ന സമയവും അറിയിക്കുന്ന സ്‌ക്രീനും ബസ് ഷെല്‍ട്ടറിലുണ്ട്. എമിറേറ്റില്‍ ബസ് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതെന്നും സുരക്ഷിതവും ആയാസരഹിതവുമായ യാത്രയാണ് ലക്ഷ്യമാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x