Currency

യുഎഇയില്‍ തൊഴില്‍ തര്‍ക്ക പരിഹാരത്തിന് പുതിയ മൂന്നു സെന്ററുകള്‍ ഈ വര്‍ഷം ആരംഭിക്കും

സ്വന്തം ലേഖകന്‍Saturday, August 26, 2017 3:51 pm

അബുദാബി: യുഎഇയില്‍ പുതിയ തൊഴില്‍ തര്‍ക്ക പരിഹാരകേന്ദ്രങ്ങള്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. തവാഫഖ്, തൗജീഹ്, തഖ്യീം എന്നിങ്ങനെ മൂന്നു സെന്ററുകളാണ് തസ്ഹീല്‍ മാതൃകയില്‍ എമിറേറ്റുകളില്‍ തുറക്കുന്നത്. തൗജീഹ്, തഖ്യീം സെന്ററുകള്‍ വിവിധ എമിറേറ്റുകളില്‍ തുറക്കാന്‍ ആകുമെങ്കിലും തവാഫഖ് സെന്റര്‍ ആദ്യഘട്ടത്തില്‍ അബുദാബി, ദുബായ് എമിറേറ്റുകളില്‍ മാത്രം പരിമിതമായിരിക്കും.

തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രത്യേക കേന്ദ്രങ്ങളാണ് ആരംഭിക്കുന്നതെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

തവാഫക്: തൊഴില്‍ തര്‍ക്കങ്ങള്‍ അന്വേഷിക്കുകയും ആവശ്യമായ നിയമ നടപടികള്‍ക്ക് സഹായിക്കുകയും ചെയ്യുക. തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കുകയും തുടര്‍ അന്വേഷണം നടത്തുകയും ചെയ്യുന്നതു തവാഫഖ് സെന്ററുകള്‍ ആയിരിക്കും.

തൗജീഹ്: തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും തൊഴില്‍നിയമ സംബന്ധമായ അവബോധമുണ്ടാക്കുക. കൂടാതെ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കാന്‍ ഇരുവിഭാഗത്തെയും പ്രാപ്തമാക്കുക എന്നതും തൗജിഹ് സെന്ററുകളുടെ ലക്ഷ്യമാണ്.

തഖ് യീം: ഇതു തൊഴിലുടമകളുടെ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്കും അതു സംബന്ധമായ പ്രവര്‍ത്തനം തുലനം ചെയ്യാനുമായിരിക്കും. കമ്പനികളുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്‌കരിക്കാനും പുരോഗതിയുണ്ടാക്കാനും ഈ സെന്റര്‍ വഴി തൊഴിലുടമകള്‍ക്ക് സാധിക്കും.

മൂന്നു സെന്ററുകളുടെയും തലവന്‍മാര്‍ യോഗ്യരും തൊഴില്‍പരിചയവുമുള്ള തദ്ദേശീയര്‍ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സെന്ററുകള്‍ക്ക് അപേക്ഷിക്കുന്നവരുടെ മാന്ത്രാലയ ഫയലുകള്‍ കുറ്റമറ്റതായിരിക്കണം. പൊതുഗതാഗത സംവിധാനം സെന്ററുകളിലേക്ക് ഉണ്ടായിരിക്കണം. ലേബര്‍ ക്യാമ്പുകളുടെ സമീപത്ത് ആണെന്നതും പെര്‍മിറ്റിനു പരിഗണിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x