Currency

ഗാര്‍ഹികതൊഴിലാളി റിക്രൂട്ടിങിന് കുവൈത്തില്‍ സംവിധാനം നവീകരിക്കുന്നു

സ്വന്തം ലേഖകന്‍Thursday, November 24, 2016 1:09 pm

കുടുംബങ്ങള്‍ക്ക് ആവശ്യമുള്ള വീട്ടുവേലക്കാരെ തിരഞ്ഞെടുക്കുന്നതിനും കുടുംബങ്ങളുടെയും വേലക്കാരുടെയും അവകാശങ്ങളും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുമായ നിയമനിയന്ത്രണങ്ങള്‍ ഇതിന്റെ ഭാഗമായി രൂപവത്കരിക്കും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് സംവിധാനം നവീകരിക്കുന്നു. ഇതിനായി തൊഴില്‍ സാമൂഹിക മന്ത്രാലയം ദേശീയ കമ്പനിക്ക് രൂപം നല്‍കി. ഇതുസംബന്ധിച്ച നടപടികള്‍ അതിവേഗം പുരോഗമിക്കുന്നതായി തൊഴില്‍സാമൂഹിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മതാര്‍ അല്‍മുതേയ്രി പറഞ്ഞു. കുടുംബങ്ങള്‍ക്ക് ആവശ്യമുള്ള വീട്ടുവേലക്കാരെ തിരഞ്ഞെടുക്കുന്നതിനും കുടുംബങ്ങളുടെയും വേലക്കാരുടെയും അവകാശങ്ങളും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുമായ നിയമനിയന്ത്രണങ്ങള്‍ ഇതിന്റെ ഭാഗമായി രൂപവത്കരിക്കും.

കുടുംബങ്ങള്‍ക്ക് ലാഭകരമായും ബുദ്ധിമുട്ടുകളില്ലാതെയും വിദേശി വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ യൂണിയനുമായി സംയോജിച്ച്‌കൊണ്ട് നടപ്പാക്കുന്നതിനാണ് തീരുമാനമെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. ദേശീയ റിക്രൂട്ടിങ് കമ്പനി രൂപവത്കരിക്കുന്നതിന്റെ ഭാഗമായി കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ യൂണിയന് 18,00,000 കുവൈത്ത് ദിനാറിന്റെ വായ്പ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് ഓഫീസുകള്‍ സുരക്ഷാവിഭാഗം പൂട്ടി. വീട്ടുവേലക്കാരായി കുവൈത്തില്‍ എത്തിയശേഷം തൊഴിലിടങ്ങളില്‍ നിന്ന് ഒളിച്ചോടിയവരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓഫീസുകളാണ് പൂട്ടിയത്. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നിരവധി വനിതകളെയും പോലീസ് അറസ്റ്റ്‌ചെയ്തു തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്‌പോണ്‍സറോടൊപ്പം വിദേശരാജ്യങ്ങളിലേക്ക് വീട്ടുവേലക്കാരെ കൊണ്ടുപോകണമെങ്കില്‍ കുടിയേറ്റ വിഭാഗത്തില്‍നിന്ന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x