
അബുദാബി: സ്ത്രീപുരുഷ ഭേദമെന്യേ യുഎഇയില്‍ ദയാധനം (ബ്ലഡ് മണി) ഏകീകരിച്ച് ഫെഡറല്‍ നിയമം ഭേദഗതി ചെയ്തു. ഇതനുസരിച്ച് വനിതകള്‍ മരിച്ചാലും കുടുംബത്തിന് ഇനി 2 ലക്ഷം ദിര്‍ഹം ദയാധനം നല്‍കണം. നേരത്തേ പുരുഷന്‍മാര്‍ മരിച്ചാല്‍ കുടുംബത്തിനു നല്‍കിയിരുന്നതിന്റെ പകുതി തുകയാണ് വനിതകളുടെ കുടുംബത്തിനു ദയാധനമായി നല്‍കിയിരുന്നത്.
റോഡപകടം, കൊലപാതകം തുടങ്ങിയ സംഭവങ്ങളില്‍ അസ്വാഭാവിക മരണമുണ്ടായാല്‍ കുറ്റക്കാരായവരാണ് മരിച്ചയാളുടെ കുടുംബത്തിന് ദയാധനം നല്‍കേണ്ടത്. നേരത്തേ പുരുഷന്മാര്‍ക്ക് 2 ലക്ഷം ദിര്‍ഹമും വനിതകള്‍ക്ക് 1 ലക്ഷം ദിര്‍ഹമുമായിരുന്നു നല്‍കേണ്ടിയിരുന്നത്. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്ത്രീ- പുരുഷ ഭേദമെന്യേ ദയാധനം ഏകീകരിച്ചത്. ഇതിനു പുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരിച്ചയാളുടെ കുടുംബം കേസ് തുടര്‍ന്നാല്‍ അതിന്റെ വിധിയനുസരിച്ചുള്ള അധിക തുകയും നല്‍കേണ്ടിവരും.
സമുഹത്തില്‍ സ്ത്രീകള്‍ക്കും തുല്യ അവകാശം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നിയമപരിഷ്‌കാരമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫെഡറല്‍ നിയമം ആയതിനാല്‍ 7 എമിറേറ്റിലും ഇത് പ്രാബല്യത്തില്‍ വരും. ഇതേസമയം മരണത്തിന് കാരണമായ അപകടത്തില്‍ മരിച്ചയാള്‍ക്കു പങ്കുണ്ടെങ്കില്‍ അതിന്റെ തോത് കണക്കാക്കി ദയാധനത്തില്‍ കുറവു വരുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.