Currency

വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷ വീസ; തുല്യ കാലയളവിലേക്കു പുതുക്കിയും നല്‍കും

സ്വന്തം ലേഖകന്‍Thursday, June 27, 2019 8:21 pm

അബുദാബി: യുഎഇയില്‍ രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനോ തൊഴില്‍ കണ്ടെത്താനോ ഒരു വര്‍ഷ കാലാവധിയുള്ള വീസ നല്‍കുന്നു. തുല്യ കാലയളവിലേക്കു പുതുക്കി നല്‍കുകയും ചെയ്യും. പുതിയ തീരുമാനമനുസരിച്ച് സാധാരണ വീസ പുതുക്കുന്നതുപോലെ എമിഗ്രേഷനിലോ തസ്ഹീല്‍ സെന്ററിലോ ചെന്നു പുതുക്കാനാകും. സെക്കന്‍ഡറി/കോളജ് വിദ്യാര്‍ഥികള്‍, ജൂണ്‍ 15ന് 18 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

നിലവില്‍ 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ഥികളുടെ വീസ പുതുക്കാന്‍ രക്ഷിതാക്കള്‍ നേരിട്ട് എമിഗ്രേഷനിലെത്തി അപേക്ഷ സമര്‍പ്പിക്കുകയും 5000 ദിര്‍ഹം സെക്യൂരിറ്റിയായി കെട്ടിവയ്ക്കുകയും ചെയ്യണമായിരുന്നു. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലി അന്വേഷിക്കാനായി 1 വര്‍ഷത്തേക്ക് വീസ പുതുക്കി നല്‍കാനും തീരുമാനിച്ചു. 100 ദിര്‍ഹമാണ് വീസാ ഫീസ്.

യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് സൗകര്യമൊരുക്കുകയാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ വിദേശകാര്യാലയ വിഭാഗം ഡയറക്ടര്‍ ജനറല്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു. ഇതാദ്യമായാണ് യുഎഇയില്‍ വിദ്യാര്‍ഥികള്‍ക്ക് 1 വര്‍ഷ കാലാവധിയുള്ള വീസ നല്‍കുന്നത്. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x