Currency

കുവൈത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്ല്യത്തില്‍ വരുന്നു

സ്വന്തം ലേഖകന്‍Sunday, March 7, 2021 6:24 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ നാളെ പ്രാബല്യത്തിലാകും. വൈകിട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയുള്ള കര്‍ഫ്യൂ ആണ് പ്രധാന നിയന്ത്രണം. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ അറിയിപ്പ് അനുസരിച്ചു ഏപ്രില്‍ എട്ടുവരെയാണ് കര്‍ഫ്യൂ.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ അവശ്യ സര്‍വീസ് മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കു പ്രത്യേക പാസ്സ് അനുവദിക്കും. റെസ്റ്റാറന്റുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഫാര്‍മസികള്‍ക്കും ഡെലിവറി സര്‍വീസ് നടത്താം. കര്‍ഫ്യൂ സമയങ്ങളിലുള്ള നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് 15 മിനിറ്റ് മുമ്പ് കാല്‍ നടയായി പോകാന്‍ അനുവദിക്കും.

എ.സി ലിഫ്റ്റ് അറ്റകുറ്റപണികള്‍ക്കും കര്‍ഫ്യൂവില്‍ ഇളവുണ്ടാകും കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെയും പാസ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം മേധാവി ഫറാജ് അല്‍ സുഅബി അറിയിച്ചു. കര്‍ഫ്യൂ സമയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളില്‍ മാന്‍പവര്‍ അതോറിറ്റിയും മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുകതമായി പരിശോധന നടത്തും.

ഹോം ഡെലിവറി സേവനത്തിനായി നിയോഗിക്കുന്ന ജീവനക്കാരന്‍ സ്ഥാപനത്തിന്റെ വിസയില്‍ ഉള്ള ആളല്ലെങ്കില്‍ ഇഖാമനിയമ ലംഘനത്തിന് കേസെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നാളെ മുതല്‍ രാജ്യത്തെ പാര്‍ക്കുകളും ഗാര്‍ഡനുകളും പൊതു ഇരിപ്പിടങ്ങളും അടച്ചിടും. ടാക്‌സിയില്‍ പരമാവധി രണ്ടു യാത്രക്കാരെ മാത്രമേ കയറ്റാവൂ എന്നും നിര്‍ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x