
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് താമസകാര്യ വകുപ്പ് പുതിയ നിബന്ധന ഏര്‍പ്പെടുത്തി. സ്ഥാപനത്തിന്റെ വാണിജ്യ ലൈസന്‍സിന് ചുരുങ്ങിയത് ആറുമാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് ലൈസന്‍സ് കാലാവധി കൂടി മാനദണ്ഡം ആക്കിയതോടെ ചെറുതും വലുതുമായ നിരവധി കമ്പനികളാണ് പ്രയാസത്തിലായത്.
ഇത് മൂലം നിരവധി സ്ഥാപനങ്ങളുടെ ഇഖാമ നടപടികള്‍ അവതാളത്തിലായതായാണ് റിപ്പോര്‍ട്ട്. മിക്ക കമ്പനികളുടെയും ലൈസന്‍സ് കാലാവധി ആറു മാസത്തിനുള്ളില്‍ അവസാനിക്കും. ഇഖാമ നടപടികള്‍ക്കായി സമീപിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രതിനിധികളെ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചു ലൈസന്‍സ് കാലാവധി നീട്ടിവാങ്ങാനാണ് താമസകാര്യ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നത്.
വാണിജ്യ വ്യവസായ മന്ത്രാലയമാണ് സ്ഥാപനങ്ങള്‍ക്കു ലൈസന്‍സ് അനുവദിക്കുന്നത്. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് സാധാരണഗതിയില്‍ വാണിജ്യ ലൈസന്‍സിന് കാലാവധി അനുവദിക്കാറുള്ളത്. ഒരിക്കല്‍ അനുവദിച്ച ലൈസന്‍സ് കാലാവധി പൂര്‍ത്തിയാക്കിയാലോ തൊട്ടു മുന്‍പോ മാത്രമാണ് പുതുക്കി നല്‍കുക. എന്നാല്‍ ഇഖാമ നടപടികള്‍ക്ക് തടസം നേരിട്ട സാഹചര്യത്തില്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ലൈസന്‍സ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സ്ഥാപനങ്ങള്‍ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ലൈസന്‍സില്‍ ബാക്കിയുള്ള കാലാവധി പരിഗണിക്കാതെ പുതിയ ലൈസന്‍സ് അനുവദിക്കണമെന്നാണ് സ്ഥാപന ഉടമകളുടെ ആവശ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.