Currency

ദിവസത്തേക്കോ മണിക്കൂറിനോ മാത്രമായി വീട്ടുജോലി; സേവനം വിലക്കി യുഎഇ

സ്വന്തം ലേഖകന്‍Wednesday, March 17, 2021 1:06 pm

അബുദാബി: ദിവസത്തേക്കോ മണിക്കൂറിനോ മാത്രമായി വീട്ടുജോലിക്കാരെ നല്‍കുന്ന സേവനം മാനവശേഷി സ്വദേശിവല്‍കരണ മന്ത്രാലയം തടഞ്ഞു. കോവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണു നടപടി. കുറഞ്ഞത് ഒരാഴ്ചത്തെ സേവനത്തിനു വീട്ടുജോലിക്കാരെ എടുക്കാം. ഇതിനിടയില്‍ മറ്റു സ്ഥലങ്ങളില്‍ ജോലിക്കു വിടാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.

സേവനത്തിന് എത്തിക്കുന്നതിനു മുന്‍പ് വീട്ടുജോലിക്കാര്‍ക്കു പിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാക്കി. സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കി യുഎഇയില്‍ ഗാര്‍ഹിക ജോലിക്കാരുടെ നിയമനം പൂര്‍ണമായും തദ്ബീര്‍ കേന്ദ്രങ്ങള്‍ വഴിയാക്കിയിരുന്നു. ഇവിടുന്നാണ് ഹ്രസ്വ, ദീര്‍ഘകാല കരാറില്‍ തൊഴിലാളികളെ വീട്ടുജോലിക്കായി നല്‍കുന്നത്. ഓരോ തൊഴിലാളിയുടെയും വൈദഗ്ധ്യവും തൊഴില്‍ പരിചയവും അറിയാവുന്ന ഭാഷകളും വിശദീകരിച്ച് ദൃശ്യം സഹിതം തദ്ബീര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടുന്ന് ഇഷ്ടമുള്ള വീട്ടുവേലക്കാരെ തിരഞ്ഞെടുക്കാം. ഈ മാസം മുതലാണ് വീട്ടുജോലിക്കാരുടെ നിയമനം പൂര്‍ണമായും തദ്ബീറിനു കീഴിലാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x