Currency

സൗദിയില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ രാത്രിയിലും ജോലി ചെയ്യാം; ജോലികള്‍ ഏതെന്ന് തൊഴില്‍ മന്ത്രാലയം തീരുമാനിക്കും

സ്വന്തം ലേഖകന്‍Wednesday, September 2, 2020 12:11 pm

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ രാത്രിയിലും ജോലി ചെയ്യാം. സ്ത്രീകളുടെ ജോലി സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന തൊഴില്‍ നിയമം മന്ത്രിസഭ അംഗീകരിച്ചു. സൗദിയില്‍ സ്ത്രീകളെ രാത്രി കാല ജോലികളില്‍ നിയമിക്കുന്നതിന് ഭാഗികമായ നിയന്ത്രണമുണ്ടായിരുന്നു. അപകടം നിറഞ്ഞതും, ഹാനികരവുമായ ജോലികള്‍ ചെയ്യുന്നതിന് സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. പുതിയ ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് രാത്രിയില്‍ തുറക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യാം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതംഗീകരിച്ചത്. ഇതിനായി തൊഴില്‍ നിയമത്തിലെ വകുപ്പുകള്‍ റദ്ദാക്കി.

വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കും വിധം തൊഴില്‍ വകുപ്പുകള്‍ ഭേദഗതി ചെയ്തു. പുതിയ മാറ്റമനുസരിച്ച് ഇനി മുതല്‍ സ്ത്രീകള്‍ക്ക് രാത്രിയിലും ജോലി ചെയ്യാം. കൂടാതെ ഖനികളിലും ക്വാറികളിലും ജോലി ചെയ്യാനും അനുമതിയുണ്ട്. അതേസമയം പതിനെട്ട് വയസ്സ് തികയാത്ത സ്ത്രീക്കും പുരുഷനും ഇത്തരം ജോലികള്‍ ചെയ്യാന്‍ അനുവാദമില്ല.

അപകടം നിറഞ്ഞതും ഹാനികരമായതുമായ ജോലികള്‍ ഏതെന്ന് തൊഴില്‍ മന്ത്രാലയം തീരുമാനിക്കും. സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് നിയമിക്കുവാന്‍ പാടില്ലാത്ത തൊഴിലുകളും മന്ത്രാലയമാണ് തീരുമാനിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x