Currency

അബുദാബിയിലും സ്മാര്‍ട് ഡ്രൈവിങ് ടെസ്റ്റ് ഡിസംബര്‍ മുതല്‍

സ്വന്തം ലേഖകന്‍Monday, October 7, 2019 2:17 pm

അബുദാബി: ഡിസംബര്‍ മുതല്‍ അബുദാബിയില്‍ സ്മാര്‍ട് ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കുന്നു. നിര്‍മിത ബുദ്ധി ഉള്‍പ്പെടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡ്രൈവിങ് പഠിതാക്കളുടെ പഠന മികവ് അളന്ന് വിധി നിര്‍ണയിക്കുക. 9 അത്യാധുനിക ക്യാമറകള്‍ ഘടിപ്പിച്ച വാഹനത്തിലാണ് സ്മാര്‍ട് ഡ്രൈവിങ് ടെസ്റ്റ്. 6 ക്യാമറകള്‍ പുറത്തും മുന്നെണ്ണം അകത്തുമാണ് സ്ഥാപിച്ചിരിക്കുന്നത്.

അകത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ വാഹനമോടിക്കുന്നയാളുടെ മുഖത്തെയും കണ്ണിലെയും ചലനങ്ങള്‍ ഒപ്പിയെടുക്കും. ലെയ്ന്‍ മാറുമ്പോള്‍ ഡ്രൈവര്‍ മധ്യത്തിലും ഇരുവശങ്ങളിലുമുള്ള കണ്ണാടികളില്‍ നോക്കുന്നുണ്ടോ എന്നതടക്കം ഇതിലൂടെ പരിശോധിക്കും. ക്യാമറയ്ക്കു പുറമേ കാറിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച സെന്‍സറുകളില്‍ നിന്നുള്ള വിവരം കൂടി സമാഹരിച്ചാണ് ജയപരാജയം നിര്‍ണയിക്കുന്നത്. തുടക്കത്തില്‍ 18 സ്മാര്‍ട് കാറുകള്‍ അബുദാബിയിലും 10 കാറുകള്‍ അല്‍ഐനിലും 8 എണ്ണം അല്‍ദഫ്‌റിലുമാണ് നിരത്തിലിറക്കുന്നത്. ജിപിഎസ് സംവിധാനം വഴി കാര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും.

ഡ്രൈവര്‍ വരുത്തുന്ന തെറ്റുകള്‍ രേഖപ്പെടുത്തുന്നതും സ്മാര്‍ട് സംവിധാനത്തിലൂടെയാണ്. ചെറിയ ഓരോ തെറ്റിനും സ്വമേധയാ മാര്‍ക്ക് കുറയ്ക്കും. ഗുരുതരമായ തെറ്റുകള്‍ രേഖപ്പെടുത്തുന്നതോടെ ടെസ്റ്റ് അവസാനിക്കും. ഡ്രൈവര്‍ വരുത്തിയ തെറ്റുകള്‍ എന്താണെന്ന് അറിയേണ്ടവര്‍ക്ക് ദൃശ്യം കാണിക്കും. ഒരു ഉദ്യോഗസ്ഥന്‍ വാഹനത്തിലുണ്ടാകുമെങ്കിലും അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ അദ്ദേഹം ഇടപെടൂവെന്നും പൊലീസ് വ്യക്തമാക്കി. ജൂണില്‍ നടത്തിയ പരീക്ഷണം വിജയമായതിനെ തുടര്‍ന്നാണ് ഡിസംബര്‍ മുതല്‍ സ്മാര്‍ട് ടെസ്റ്റ് ആരംഭിക്കാന്‍ തീരുമാനമായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x