Currency

എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ട് പരിശോധനയ്ക്ക് പുതിയ സംവിധാനവുമായി അമേരിക്ക

സ്വന്തം ലേഖകന്‍Wednesday, April 26, 2017 11:53 am

യുഎസ് വിസയുള്ള യാത്രക്കാരുടെയെല്ലാം മുഖം യാത്രയ്ക്ക് മുമ്പായി ഫോട്ടോയെടുക്കുകയും അപ്പോള്‍തന്നെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യാനാണ് ശ്രമം. രാജ്യത്തിന് പുറത്തേക്ക് പോകുന്ന എല്ലാവരുടേയും ചിത്രങ്ങള്‍ ഇങ്ങനെ എടുത്ത് പരിശോധിക്കാനാണ് തീരുമാനം.

വാഷിങ്ടണ്‍: എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ട് പരിശോധനയ്ക്ക് പുതിയ സംവിധാനവുമായി അമേരിക്ക. വിമാനത്താവളങ്ങളില്‍ ബയോ മെട്രിക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്ക. യുഎസ് വിസയുള്ള യാത്രക്കാരുടെയെല്ലാം മുഖം യാത്രയ്ക്ക് മുമ്പായി ഫോട്ടോയെടുക്കുകയും അപ്പോള്‍തന്നെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യാനാണ് ശ്രമം. രാജ്യത്തിന് പുറത്തേക്ക് പോകുന്ന എല്ലാവരുടേയും ചിത്രങ്ങള്‍ ഇങ്ങനെ എടുത്ത് പരിശോധിക്കാനാണ് തീരുമാനം.

വിമാനം പുറപ്പെടുന്നതിന് മുമ്പായാണ് യാത്രക്കാരുടെ ചിത്രങ്ങളെടുക്കുക. ഈ ചിത്രം യാത്രക്കാരുടെ പാസ്പോര്‍ട്ടിലെയും വിസ അപേക്ഷയിലേയും ചിത്രവുമായി താരതമ്യപ്പെടുത്തി നോക്കും. തുടര്‍ന്ന് ചിത്രങ്ങളില്‍ എന്തെങ്കിലും അപാകത ശ്രദ്ധയില്‍ പെട്ടാല്‍ യാത്രക്കാര്‍ നിയമവിരുദ്ധമായാണ് അമേരിക്കയില്‍ എത്തിയതെന്ന് തെളിയുമെന്നാണ് അധികൃതരുടെ വിശദീകരണം.

നിലവില്‍ ഇത്തരത്തില്‍ ബയോമെട്രിക് എക്സിറ്റ് അമേരിക്കയിലെ അറ്റ്ലാറ്റ ടോക്യോ വിമാന സര്‍വീസില്‍ ഉപയോഗിക്കുന്നുണ്ട്. ട്രംപ് ഭരണകൂടം കുടിയേറ്റത്തിനെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌ക്കാരം ഏര്‍പ്പെടുത്തുന്നത്.

അമേരിക്കയില്‍ നിന്നും പുറത്തേക്ക് പോകുന്നയാള്‍ നേരത്തെ നല്‍കിയ പാസ്പോര്‍ട്ട് അല്ലെങ്കില്‍ വിസയിലെ ബയോമെട്രിക് വിവരവുമായി ഒത്തു നോക്കാന്‍ നിലവില്‍ സംവിധാനങ്ങള്‍ ഒന്നുമില്ല. പുതിയ പദ്ധതിയിലൂടെ ഈ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x