Currency

മസ്‌കത്തില്‍ പുതിയ വാട്ടര്‍ തീം പാര്‍ക്ക് വരുന്നു

സ്വന്തം ലേഖകന്‍Friday, August 30, 2019 3:24 pm

മസ്‌കത്ത്: തലസ്ഥാന ഗവര്‍ണറേറ്റില്‍ വാട്ടര്‍ തീം പാര്‍ക്ക് വരുന്നു. അല്‍ ബുസ്താന്‍ മേഖലയില്‍ നിര്‍മിക്കുന്ന പാര്‍ക്ക് അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനസജ്ജമാകും. 42,000 മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. 15 ദശലക്ഷം റിയാല്‍ ചെലവഴിച്ചുള്ള പദ്ധതി ഒമാനിലെത്തുന്ന സഞ്ചാരികളുടെ മറ്റൊരു പ്രധാന ആകര്‍ഷണം കൂടിയാകും.

രാജ്യാന്തര പ്രശസ്തരായ വാട്ടര്‍ പാര്‍ക്ക് നിര്‍മാതാക്കളായ പോളിന്‍ ഗ്രൂപ്പും ഒമാനിലെ റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പായ ബി.ബി.എച്ചും ചേര്‍ന്നാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. പോളിന്‍ ഗ്രൂപ്പിന്റെ ജി.സി.സി മേഖലയിലെ ആദ്യ പദ്ധതിയാണ് മസ്‌കത്തിലേത്. പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങിയതായും ഏഴ് മുതല്‍ 12 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.ബി.എച്ച് ഗ്രൂപ് ചെയര്‍മാന്‍ ഡോ. ഖാലിദ് അല്‍ മതാനി പറഞ്ഞു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള 22 വാട്ടര്‍ ഗെയിമുകളും സ്ലൈഡുകളും ഉണ്ടാകും. പോളിന്‍ ഗ്രൂപ്പിന് വിവിധ അവാര്‍ഡുകള്‍ നേടിക്കൊടുത്ത വാട്ടര്‍ സ്ലൈഡായ കിങ് കോബ്ര, റോക്കറ്റ് ഫ്രീ ഫാള്‍, ലൂപ്പിങ് റോക്കറ്റ്, വിന്‍ഡിഗോ, സ്‌പേസ് ഷട്ടില്‍, സ്പീഡ് സ്ലൈഡ്‌സ് ഗ്രൂപ്, ഫ്‌ലൈയിങ് ബോട്ട്‌സ്, നാവിഗേറ്റര്‍ തുടങ്ങിയ ഗെയിമുകള്‍ ഇവിടെയുണ്ടാകുമെന്ന് ഡോ. ഖാലിദ് അല്‍ മതാനി പറഞ്ഞു. ജന്മദിന പാര്‍ട്ടികളും മറ്റ് ആഘോഷ പരിപാടികളും നടത്താന്‍ പ്രത്യേക മേഖലയുണ്ടാകും. പദ്ധതിയില്‍ ടര്‍ക്കിഷ്, ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്നതടക്കം ആറ് റസ്റ്റാറന്റുകളും ഉണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x