Currency

റെക്കോര്‍ഡ് വെടിക്കെട്ടുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ അബുദാബി

സ്വന്തം ലേഖകന്‍Monday, December 31, 2018 3:06 pm

അബുദാബി: പ്രതീക്ഷയുടെ പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങി. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വെടിക്കെട്ടിലൂടെ 2019നെ സ്വാഗതം ചെയ്യുന്ന അബുദാബി ഈയിനത്തില്‍ പുതുവര്‍ഷത്തിലെ ആദ്യ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കും. ചരിത്രമുഹൂര്‍ത്തത്തിനായി കണ്ണുംനട്ടിരിക്കുകയയാണ് യുഎഇയിലെ സ്വദേശികളും വിദേശികളും.

അബുദാബി കോര്‍ണിഷിലാണ് റെക്കോര്‍ഡ് പ്രകടനം നടക്കുക. പത്തു മിനിറ്റ് ദൈര്‍ഘ്യമുള്ള വെടിക്കെട്ടിലൂടെ ഹാപ്പി ന്യൂ ഇയര്‍ 2019 എന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആകാശത്ത് തെളിയിക്കും. കരിമരുന്നിലൂടെ ഏറ്റവും വലിയ വാചകം തെളിയിക്കുന്നതിനുള്ള ലോക റെക്കോര്‍ഡാണ് ഇതിലൂടെ അബുദാബി സ്വന്തമാക്കുക. 40 മീറ്റര്‍ ഉയരത്തില്‍ ബഹുവര്‍ണങ്ങളിലായിരിക്കും പുതുവര്‍ഷ ആശംസാ വാചകം ആകാശത്ത് തെളിയുക. അബുദാബി സാംസ്‌കാരിക, വിനോദ സഞ്ചാര വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വിവിധ പരിപാടികളിലൊന്നാണ് ലോക റെക്കോര്‍ഡ് പ്രകടനം.

കൂടാതെ എമിറേറ്റ്‌സ് പാലസ്, യാസ് മറീന, അല്‍ മര്‍യ ഐലന്‍ഡ്, ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം അല്‍ഐന്‍, അല്‍ ദഫ്‌റ ഫെസ്റ്റിവല്‍, മദീനാ സായിദ് എന്നിവിടങ്ങളിലും വെടിക്കെട്ട് ആസ്വദിക്കാമെന്ന് വിനോദസഞ്ചാര സാംസ്‌കാരിക വിഭാഗം അറിയിച്ചു. ഇവിടത്തെ ജലധാരയില്‍ ത്രിമാന മാതൃകയിലുള്ള ലേസര്‍ ഷോയും ഉണ്ടാകും.

എമിറേറ്റിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പ്രത്യേക പുതുവര്‍ഷ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. യാസ് ഐലന്‍ഡ്, ലുവ്‌റ് അബുദാബി, വാര്‍ണര്‍ ബ്രോസ് തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാളുകളിലും പ്രത്യേക കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x