
അബൂദബി: സമൂഹ മാധ്യമങ്ങളിലൂടെ ബ്രാന്‍ഡുകളുടെയും ബിസിനസിന്റെയും വന്‍തോതിലുള്ള പ്രമോഷന് ലൈസന്‍സ് നിര്‍ബന്ധമാക്കി പുതിയ നിയമം അവതരിപ്പിച്ചു. മാഗസിനുകളുടെയും പത്രങ്ങളുടെയും സമാന ലൈസന്‍സ് തന്നെയാണ് ഇത്തരം സംരംഭങ്ങള്‍ക്കും എടുക്കേണ്ടത്. ഇലക്‌ട്രോണിക്‌സ് മാധ്യമങ്ങള്‍ക്ക് ഫെബ്രുവരി 28ന് എന്‍.എം.സി പുതിയ നിയമസംവിധാനം അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം ഇലക്‌ട്രോണിക് മാധ്യമങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെല്ലാം രജിസ്റ്റര്‍ ചെയ്യുകയും ജൂണ്‍ അവസാനിക്കുന്നതിന് മുമ്പ് ലൈസന്‍സ് നേടുകയും വേണം.
ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ബ്രാന്‍ഡ്- ബിസിനസ് പോസ്റ്റുകള്‍ വഴി നിരവധി ഫോളോവേഴ്‌സുള്ള വ്യക്തികളും സെലിബ്രിറ്റികളും വന്‍തോതിലുള്ള വരുമാനമാണ് നേടുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ നിയമം മൂലം നിയന്ത്രിക്കപ്പെട്ടിരുന്നില്ല. വാര്‍ത്താ വെബ്‌സൈറ്റുകള്‍, ഇലക്‌ട്രോണിക് പബ്ലിഷിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കും ലൈസന്‍സ് ആവശ്യമാണ്. അതേസമയം, ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത മാധ്യമങ്ങളായ ടെലിവിഷന്‍, റേഡിയോ, പത്രം, മാഗസിന്‍ എന്നിവയുടെ വെബ്‌സൈറ്റുകള്‍ക്ക് പുതിയ ലൈസന്‍സ് ആവശ്യമില്ല. സര്‍ക്കാര്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ എന്നിവയുടെ വെബ്‌സൈറ്റുകളും ലൈസന്‍സ് നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജൂണ്‍ അവസാനിക്കുന്നതിന് മുമ്പ് ലൈസന്‍സ് നേടാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ 5000 ദിര്‍ഹം വരെ പിഴ വിധിക്കുകയോ വെബ്‌സൈറ്റ് അക്കൗണ്ട് അടച്ചുപൂട്ടുകയോ ചെയ്യും. വീഡിയോകള്‍, ഗെയിമുകള്‍, ഇ- പുസ്തകങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ മാധ്യമങ്ങള്‍ മിഡിലീസ്റ്റില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലകളിലൊന്നാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.