Currency

സൗദിയില്‍ ഓവര്‍ടേക്കിന് പിഴയില്ല; തെറ്റായ പിഴകള്‍ പുനഃപരിശോധിക്കും

സ്വന്തം ലേഖകന്‍Saturday, December 22, 2018 11:46 am

റിയാദ്: സൗദിയില്‍ മറ്റുവാഹനങ്ങളെ മറികടക്കുമ്പോഴുള്ള വേഗതക്ക് പിഴ ഈടാക്കില്ലെന്ന് ട്രാഫിക് വിഭാഗം. മോശം കാലാവസ്ഥകൊണ്ടും സാങ്കേതിക തകരാര്‍ കൊണ്ടും ഈടാക്കുന്ന പിഴകള്‍ പുനഃപരിശോധിക്കും. വേഗപരിധിക്ക് മുകളില്‍ വാഹനമോടിച്ചാല്‍, വേഗതക്കനുസരിച്ചായിരിക്കും പിഴചുമത്തുകയെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

അമിതവേഗതക്ക് ചുമത്തുന്ന പിഴയെ കുറിച്ച് നിരവധി തെറ്റിദ്ധാരണകളാണ് പൊതുസമഹൂത്തില്‍ നിലനില്‍ക്കുന്നതെന്ന് കാണിച്ചാണ് ട്രാഫിക് വിഭാഗത്തിന്റെ അറിയിപ്പ്. അമിത വേഗതക്ക് എല്ലായിപ്പോഴും ഒരേ പിഴയായിരിക്കില്ല. അനുവദിക്കപ്പെട്ടിരിക്കുന്ന വേഗപരിധിക്ക് മുകളില്‍ വരുന്ന വേഗതക്കനുസരിച്ചാണ് പിഴചുമത്തുക. മണിക്കൂറില്‍ 80 മുതല്‍ 120 കിലോമീറ്റര്‍ വേഗത അനുവദിച്ചിരിക്കുന്ന റോഡുകളില്‍ 120ന് മുകളില്‍ 130 വരെ പിഴചുമത്തുകയില്ല. എന്നാല്‍ 130ന് മുകളില്‍ വരുന്ന ഓരോ 10 കിലോമീറ്റര്‍ വര്‍ദ്ധിക്കുമ്പോഴും പിഴയും കൂടും.

വേഗ പരിധി 140 ആയി നിശ്ചയിച്ച സ്ഥലങ്ങളില്‍ വര്‍ദ്ധിക്കുന്ന ഓരോ 5 കിലോമീറ്റര്‍ വീതമാണ് പിഴ വര്‍ദ്ധിക്കുക. മറ്റുവാഹനങ്ങളെ മറികടക്കുന്ന സമയങ്ങളില്‍ സാധാരണയായി വേഗത വര്‍ദ്ധിപ്പിക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളെ പ്രത്യേകം പരിഗണിക്കുന്നതാണ്. മോശം കാലാവസ്ഥമൂലമോ, സാങ്കേതിക തകരാറുകള്‍ മൂലമോ സംഭവിക്കുന്ന തെറ്റായ പിഴകളെ കുറിച്ച് പരാതി നല്‍കിയാല്‍ പുനഃപരിശോധിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x