
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശി നഴ്സുമാര്‍ക്ക് ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കില്ല. നിരത്തിലെ തിരക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് ലൈസന്‍സ് വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കുവൈത്തില്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കേണ്ടെന്നാണ് തീരുമാനം.
ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് ആണ് വിദേശി നഴ്സുമാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കരുതെന്നു ഉത്തരവിട്ടത്. അതേസമയം ഇതിനോടകം ലൈസന്‍സോ, ലേണേഴ്‌സ് ലൈസന്‍സോ ലഭിച്ചവര്‍ക്ക് തീരുമാനം ബാധകമല്ല. രാജ്യത്തെ എല്ലാഗവര്‍ണറേറ്റുകളിലേക്കും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. വിദേശികളായ നഴ്സുമാര്‍ക്കു പുതുതായി ലൈസന്‍സ് അനുവദിക്കില്ലെന്നും നിലവിലുള്ളവ പുതുക്കണമെങ്കില്‍ നഴ്‌സിങ് തസ്തികയില്‍ തുടരുന്നുവെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കുവൈത്തില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും പുതിയ ഉത്തരവ് പ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കില്ല.
നിലവില്‍ ലൈസന്‍സ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്കു അവ പുതുക്കണമെങ്കില്‍ കുവൈത്ത് സര്‍വകലാശാലയില്‍നിന്നോ അപ്ലൈഡ് എജുക്കേഷന്‍ അതോറിറ്റിയില്‍നിന്നോ ഉള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.