Currency

പ്രവാസികള്‍ക്ക് ഒരു വര്‍ഷത്തിലധികം താമസാനുമതി നല്‍കില്ല; പുതിയ നിര്‍ദേശവുമായി കുവൈത്ത്

സ്വന്തം ലേഖകന്‍Wednesday, December 9, 2020 7:50 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ക്ക് രണ്ട് വര്‍ഷമോ അതിന് മുകളിലോ കാലാവധിയുള്ള താമാസാനുമതി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. പ്രവാസികള്‍ക്കും കുവൈത്ത് സ്വദേശികളുടെ വിദേശികളായ ഭാര്യമാര്‍ക്കും കുവൈത്ത് സ്വദേശികളായ വനിതകളുടെ മക്കള്‍ക്കും പ്രവാസികളുടെ ഭാര്യമാര്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അടക്കം എല്ലാവര്‍ക്കും ഒരു വര്‍ഷത്തെക്കുള്ള താമസാനുമതി മാത്രം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.

ഇപ്പോള്‍ കുവൈത്തില്‍ താമസിക്കുന്നവരും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുമായവരില്‍ നിലവില്‍ രണ്ട് വര്‍ഷത്തേക്കോ അതിലധികമോ താമസാനുമതിയുള്ളവര്‍ക്കൊഴികെ മറ്റുള്ളവര്‍ക്കെല്ലാം പുതിയ നിര്‍ദേശം ബാധകമാണ്. അതേസമയം രാജ്യത്ത് ഇപ്പോള്‍ 1,30,000 അനധികൃത താമസക്കാരുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇവര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കിയിട്ടുണ്ടെങ്കിലും ഡിസംബര്‍ ആദ്യം മുതല്‍ ഇതുവരെ 400 പേര്‍ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.

ഫര്‍വാനിയയില്‍ നിന്നാണ് ഏറ്റവുമധികം ഇത്തരത്തിലുള്ള അപേക്ഷകള്‍ ലഭിച്ചത്. തലസ്ഥാന നഗരവും ഹവല്ലിയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x