Currency

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍; ഇനി മുതല്‍ ചെന്നൈ നോര്‍ക്ക റൂട്ട്‌സ് ഓഫീസിലും

സ്വന്തം ലേഖകന്‍Sunday, June 30, 2019 3:17 pm

ന്യൂഡല്‍ഹി: ചെന്നൈ മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്‌സ് അവസരം ഒരുക്കി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന ചെന്നൈ മലയാളികള്‍ക്ക് എച്ച്ആര്‍ഡി, വിദേശകാര്യ മന്ത്രാലയം, എംബസ്സി അറ്റസ്റ്റഷന്‍ സേവനം എന്നിവ ഇനി മുതല്‍ ചെന്നൈയിലെ ഗ്രീംസ് റോഡിലെ കെടിഡിസി റെയിന്‍ ഡ്രോപ്‌സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഓഫീസില്‍ ലഭിക്കും.

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പഠിച്ച ഇതര സംസ്ഥാനക്കാര്‍ക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. എംബസ്സി സാക്ഷ്യപ്പെടുത്തലിന് ഏതു സംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാം. എച്ച്ആര്‍ഡി സാക്ഷ്യപ്പെടുത്തല്‍ ഒരാഴ്ച്ച കൊണ്ടും എംബസ്സി സാക്ഷ്യപ്പെടുത്തല്‍ ഒരു മാസം കൊണ്ടും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അസ്സല്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും രണ്ടു പകര്‍പ്പും, പാസ്‌പ്പോര്‍ട്ടിന്റെ അസ്സലും പകര്‍പ്പും എന്നിവയാണ് സാക്ഷ്യപ്പെടുത്തലിനായി ഹാജരാക്കേണ്ട രേഖകള്‍. കേരളത്തില്‍ പഠിച്ചവരാണെങ്കില്‍ വിദേശകാര്യ മന്ത്രാലത്തിന്റെ സാക്ഷ്യപ്പെത്തലിനും നോര്‍ക്ക ഓഫീസില്‍ അപേക്ഷിക്കാം.

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ തമിഴ്‌നാട്ടിലാണ് എച്ച്ആര്‍ഡി, വിദേശകാര്യ മന്ത്രാലയ സാക്ഷ്യപ്പെടുത്തല്‍ നടത്തേണ്ടത്. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയേറ്റിലെ താഴത്തെ നിലയിലുള്ള ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് വിഭാഗത്തില്‍ ഇതിനുള്ള സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. തമിഴ്‌നാട്ടില്‍ പഠിച്ചവര്‍ക്കും എംബസ്സി അറ്റസ്റ്റേഷനായി നോര്‍ക്കയെ സമീപിക്കാം.

ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ എംബസ്സി അറ്റസ്റ്റേഷനുള്ള സംവിധാനവും നോര്‍ക്ക ഓഫീസില്‍ ഏര്‍പ്പെടുത്തും. ഏതു സംസ്ഥാനക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യാം. എംബസ്സി സാക്ഷ്യപ്പെടുത്തല്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. അമേരിക്ക, ബ്രിട്ടന്‍, ഒമാന്‍ തുടങ്ങിയ 98 രാജ്യങ്ങളിലെ അപ്പോസ്റ്റല്‍ അറ്റസ്റ്റേഷനും ചെന്നൈ ഓഫീസില്‍ നിര്‍വ്വഹിക്കാം.

യുഎഇ 3750 രൂപ, കുവൈത്ത് 1250 രൂപ, ബഹ്‌റൈന്‍ 2750 രൂപ, ഖത്തര്‍ 3000 രൂപ എന്നിങ്ങനെയാണു വിവിധ രാജ്യങ്ങളിലെ അറ്റസ്റ്റേഷന്റെ നിരക്കുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോള്‍ഫ്രീ നമ്പറിലും, 044-28293020 എന്ന നമ്പരിലും ബന്ധപ്പെടണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x