Currency

ഒമാനില്‍ വിദേശികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്

സ്വന്തം ലേഖകന്‍Thursday, December 5, 2019 12:56 pm

മസ്‌കത്ത്: ഒമാനിലെ വിദേശികളുടെ എണ്ണം വീണ്ടും കുറഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ റിപ്പോര്‍ട്ട്. ഡിസംബര്‍ മൂന്നിലെ കണക്കനുസരിച്ച് ഒമാനിലെ വിദേശികളുടെ എണ്ണം 19,87,456 മാണ്. മൊത്തം ജനസംഖ്യയുടെ 42.50 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തില്‍ വിദേശികളുടെ എണ്ണം 19,96,190 ആയിരുന്നു. മൊത്തം ഒമ്പതിനായിരത്തോളം വിദേശികളുടെ കുറവാണ് ഈ കാലയളവിലുണ്ടായത്.

ഒമാനിലെ മൊത്തം ജനസംഖ്യ 46,74,253 ആണ്. ഇതില്‍ 57.50 ശതമാനം സ്വദേശികളാണ്. നിലവില്‍ സ്വദേശികളുടെ എണ്ണം 26,86,797 ആണ്. ഒമാനിലെ ഇന്ത്യന്‍ വിദേശികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. കഴിഞ്ഞ ഒക്ടോബറിലെ കണക്കനുസരിച്ച് ഒമാനിലെ ഇന്ത്യക്കാര്‍ 6,38,059 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യക്കാരുടെ എണ്ണം 6,60,376 ആയിരുന്നു. ഇതേ കാലയളവില്‍ ബംഗ്ലാദേശികളുടെ എണ്ണം കഴിഞ്ഞവര്‍ഷം അവസാനത്തിലെ 6,58,222ല്‍ നിന്ന് 6,24,046 ആയും കുറഞ്ഞു. ഇതേ കാലയളവില്‍ പാകിസ്താനികളുടെ എണ്ണം 2,17,602ല്‍നിന്ന് 2,09,248 ആയി കുറഞ്ഞു.

ഈ കാലയളവില്‍ വിദേശികളുടെ കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടായത് കാര്‍ഷിക മേഖലയിലാണ്. കാര്‍ഷിക മേഖലയില്‍ 26.9 ശതമാനം വിദേശികള്‍ കുറഞ്ഞു. ജലം, ജലവിതരണം, മലിനജല സംസ്‌കരണ മേഖലകളില്‍നിന്ന് 14.7 ശതമാനവും നിര്‍മാണമേഖലയില്‍നിന്ന് 12.9 ശതമാനവും വിദേശികള്‍ ഒഴിഞ്ഞുപോയി. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ സ്വദേശിവത്കരണവും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതുമാണ് വിദേശികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം 4.8 ശതമാനം വര്‍ധിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x