
കുവൈത്ത് സിറ്റി: പൊതുമേഖലയില്‍ വിദേശി ജീവനക്കാരുടെ എണ്ണം 10% മാത്രമായി നിജപ്പെടുത്താന്‍ ആലോചന. പാര്‍ലമെന്റിന്റെ റീപ്ലെയ്‌സ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കമ്മിറ്റി തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ അത്തരം നിര്‍ദേശമുണ്ടെന്നാണ് സൂചന. കരട് റിപ്പോര്‍ട്ട് താമസിയാതെ കമ്മിറ്റി പരിഗണിക്കാനിരിക്കയാണ്.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇറങ്ങുന്ന സ്വദേശി യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുന്നത് സംബന്ധിച്ചു സിവില്‍ സര്‍വീസ് കമ്മിഷന്റെ നിലപാടിലെ അവ്യക്തതയാണ് കൂടുതല്‍ വിദേശികള്‍ പൊതുമേഖലയില്‍ തുടരുന്നതിന് കാരണമെന്നാണ് കമ്മിറ്റിയുടെ നിഗമനം. പൊതുമേഖലയില്‍ 94,000 വിദേശികള്‍ ജോലിചെയ്യുന്നുവെന്നാണ് കണക്ക്. അത്രയും വിദേശികള്‍ പൊതുമേഖലയില്‍ ആവശ്യമില്ലെന്നാണ് കണക്കാക്കുന്നതെന്ന് കമ്മിറ്റി അംഗം സാലെ അല്‍ അഷൂര്‍ എംപി പറഞ്ഞു.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, അധ്യാപകര്‍ എന്നിവരെ മാത്രമേ വിദേശത്ത്‌നിന്ന് ആശ്രയിക്കേണ്ടതുള്ളു. ചുരുങ്ങിയത് പൊതുമേഖലയിലെ വിദേശികളില്‍ 35000 പേരെയെങ്കിലും ഒഴിവാക്കുന്നത് പ്രയാസ രഹിതമാണെന്നും ഒഴിവാക്കപ്പെടുന്ന തസ്തികകളില്‍ പകുതിയിലെങ്കിലും സ്വദേശികള്‍ക്ക് അവസരം നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.