Currency

അബുദാബിയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന

സ്വന്തം ലേഖകന്‍Tuesday, January 1, 2019 12:47 pm

അബുദാബി: വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ അബുദാബിക്ക് റെക്കോര്‍ഡ് നേട്ടം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ 5.8 ശതമാനം വര്‍ധനയുണ്ടായതായി അബുദാബി സാംസ്‌കാരിക ടൂറിസം വിഭാഗം അറിയിച്ചു. വിനോദസഞ്ചാര മേഖലയിലെ പരിഷ്‌കാരങ്ങളും പുതിയ പദ്ധതികളുമാണ് അബുദാബിയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ആദ്യ 8 മാസത്തിനിടെ 13.23 ലക്ഷം വിദേശികളാണു അബുദാബിയിലെ ഹോട്ടലുകളില്‍ താമസിച്ചത്. ഓഗസ്റ്റിലാണ് ഏറ്റവും കൂടുതല്‍ ആളുകളെത്തിയത്. അബുദാബിയുടെ ഏറ്റവും പുതിയ ആകര്‍ഷണമായ വാര്‍ണര്‍ ബ്രോസ് വേള്‍ഡിന് പുറമെ ലൂവ്‌റ് അബുദാബി മ്യൂസിയം, യാസ് ഐലന്‍ഡ്, ഫെറാരി വേര്‍ഡ്, അറേബ്യന്‍ ആചാര മര്യാദയുടെ പ്രതീകമായ ബെയ്ത് അല്‍ ഗാവ, അല്‍ഐനിലെ പുരാവസ്തു കേന്ദ്രങ്ങള്‍, അല്‍ വത്ബയിലെ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ എന്നിവയാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങള്‍.

യുഎഇയുടെ പൈതൃക സംസ്‌കാരത്തിലേക്കു വാതില്‍ തുറക്കുന്ന ഖസര്‍ അല്‍ ഹൊസന്‍ പുതുക്കിപ്പണിത് സഞ്ചാരികള്‍ക്കു തുറന്നുകൊടുത്തതും സന്ദര്‍ശകരുടെ എണ്ണം കൂടാനിടയാക്കി. 1795ല്‍ കടല്‍പുറ്റുകള്‍ നിര്‍മിച്ച നിരീക്ഷണ ടവറാണ് മറ്റൊരു ആകര്‍ഷണം. കൂടാതെ അബുദാബിയില്‍ നടന്നുവരുന്ന രാജ്യാന്തര പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണെന്ന് സാംസ്‌കാരിക, ടൂറിസം വിഭാഗം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x