Currency

ബഹ്‌റൈനിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സ്വന്തം ലേഖകന്‍Wednesday, January 9, 2019 1:55 pm

മനാമ: ബഹ്‌റൈനിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2015ലെ കണക്കും പോയ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വര്‍ധന വ്യക്തമായത്. 2015ല്‍ 9.7 ദശലക്ഷം പേരാണ് ബഹ്‌റൈനില്‍ എത്തിയത്. എന്നാല്‍ പോയവര്‍ഷം 12 ദശലക്ഷം ടൂറിസ്റ്റുകള്‍ വന്നു. 2022ഓടെ രാജ്യത്ത് 14.6 ദശലക്ഷം ടൂറിസ്റ്റുകളെ എത്തിക്കുക എന്നതാണ് ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് ആല്‍ ഖലീഫ പറഞ്ഞു. ടൂറിസ്റ്റുകള്‍ ബഹ്‌റൈനില്‍ തങ്ങുന്ന കാലവളവിലും വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ 26 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

ബഹ്‌റൈനിലെത്തുന്ന ടൂറിസ്റ്റുകളില്‍ അധികവും സൗദി പൗരന്‍മാരും മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരും ആണ്. 2018ല്‍ ജി.ഡി.പിയുടെ 6.6 ശതമാനം വരുമാനം ടൂറിസം രംഗത്തിന് നല്‍കാന്‍ കഴിയുക എന്ന ലക്ഷ്യമാണ് ബി.ടി.ഇ.എക്കുണ്ടായിരുന്നത്. അത് കൈവരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. 2015ല്‍ ജി.ഡി.പിയുടെ 4.6 ശതമാനം കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം. 2022ഓടെ ജി.ഡി.പിയുടെ 8.3 ശതമാനം വരുമാനം കൈവരിക്കണമെന്നും ലക്ഷ്യമിടുന്നു. ഇതിനായി ടൂറിസം രംഗത്ത് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

പോയ വര്‍ഷത്തെ കണക്കനുസരിച്ച് ഒരു ടൂറിസ്റ്റ് ബഹ്‌റൈനില്‍ ശരാശരി ചെലവഴിക്കുന്ന തുക 80 ദിനാര്‍ ആണ്. 2015ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ 10 ശതമാനം വര്‍ധനയുണ്ട്. 2022 ആകുമ്പോഴേക്ക് ഈ തുക 97.9 ദിനാര്‍ ആക്കി മാറ്റാനാണ് പദ്ധതി. രാജ്യത്ത് കൂടുതല്‍ തൊഴിലും വ്യാപാര സാധ്യതകളും നിക്ഷേപവും വര്‍ധിപ്പിക്കാനുതകുന്ന രൂപത്തിലാണ് ടൂറിസം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x