Currency

സ്വദേശിവത്ക്കരണം; സൗദിയില്‍ ജോലിയില്‍ പ്രവേശിച്ച വനിതകളുടെ എണ്ണം ഇരട്ടിയായി

സ്വന്തം ലേഖകന്‍Thursday, December 10, 2020 6:11 pm

റിയാദ്: സൗദിയില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി ജോലിയില്‍ പ്രവേശിച്ച വനിതകളുടെ എണ്ണം ഇരട്ടിയായി. വ്യവസായ മേഖലയില്‍ മാത്രം 120 ശതമാനം ഇരട്ടി വര്‍ധനവാണ് വനിതാ ജോലിക്കാരുടെ എണ്ണത്തിലുണ്ടായത്. സൗദിയിലുടനീളം സര്‍ക്കാര്‍ മേഖലയിലും വനിതാ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട്.

വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സൗദി വനിതകളുടെ എണ്ണം ഒരു വര്‍ഷത്തിനകമാണ് ഇരട്ടിയിയായത്. 2019 ആരംഭത്തില്‍ 7860 വനിതകളാണ് വ്യവസായ രംഗത്ത് ജോലിക്കുണ്ടായിരുന്നത്. ഈ വര്‍ഷം മാര്‍ച്ചോടെ അത് 17000 ആയി ഉയര്‍ന്നു. വനിതാ ജീവനക്കാരുടെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതടക്കമുള്ള പദ്ധതികളും വാഹന സൗകര്യവും സൗദി അറേബ്യ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഉന്നത ജോലികളില്‍ സ്ത്രീകള്‍ വര്‍ധിച്ചു. രാജ്യത്ത് വനിതകള്‍ക്കുള്ള സുരക്ഷിത സാഹചര്യവും ഭരണകൂട പിന്തുണയും കാര്യങ്ങള്‍ എളുപ്പമാക്കി. വനിതകള്‍ക്ക് മാത്രമായി വനിതകളുടെ കീഴിലുള്ള ടാക്‌സി സര്‍വീസും രാജ്യത്തുണ്ട്.

വനിതാ പൊലീസും രംഗത്തിറങ്ങിയത് കൂടുതല്‍ ആത്മവിശ്വാസം സ്ത്രീകള്‍ക്ക് നല്‍കിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാത്രി ഷിഫ്റ്റിലടക്കം ജോലി ചെയ്യാന്‍ പാകത്തിലുള്ള അന്തരീക്ഷം രാജ്യത്തെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിവേഗത്തില്‍ പരാതികളില്‍ നടപടിയുണ്ടാകുന്നതും സ്ത്രീശാക്തീകരണത്തെ സഹായിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് റിയാദിലാണ്. ജിദ്ദ, ദമ്മാം നഗരങ്ങളാണ് തൊട്ടു പിറകില്‍. ഉന്നത വിദ്യാഭ്യാസം നേടുന്ന കണക്കിലും സ്ത്രീകളാണ് മുന്നില്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x