മസ്‌കത്ത്: ഒമാനില്‍ ഡ്രൈവര്‍ തസ്തികളില്‍ വിസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഒമാന്‍ തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്നാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഡ്രൈവര്‍ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കുകയാണ് ചെയ്തത്. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന പ്രാബല്ല്യത്തില്‍ വരും.
ലൈറ്റ്, ഹെവി തുടങ്ങി വിസയില്‍ ഉള്ള പ്രൊഫഷന് അനുയോജ്യമായ ലൈസന്‍സ് ആണ് ഉണ്ടായിരിക്കേണ്ടത്. ഇതുവരെ ഡ്രൈവര്‍ വിസ പുതുക്കാന്‍ സാധുവായ ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരുന്നില്ല. ഡ്രൈവര്‍ തസ്തികയില്‍ സ്വദേശിവത്കരിച്ച വിഭാഗങ്ങളിലെ വിസ പുതുക്കി ലഭിക്കുകയുമില്ല.
ജനുവരി അവസാനം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഇന്ധനം, കാര്‍ഷിക ഉത്പന്നങ്ങള്‍, ഭക്ഷ്യോത്പന്നം എന്നിവ കൊണ്ടുപോകാന്‍ വാഹനങ്ങളില്‍ സ്വദേശി ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് അനുവാദമുള്ളത്. സ്വദേശികള്‍ മുഴുവന്‍ സമയ ചുമതലയിലുള്ള ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കാര്‍ഷിക ഉത്പന്നങ്ങള്‍, ഭക്ഷ്യോത്പന്നം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ വിദേശി ഡ്രൈവര്‍മാരെ ജോലിക്ക് വെക്കാന്‍ അനുമതിയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.