
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ മൂന്നിലൊന്ന് ഗാര്‍ഹിക മേഖലയില്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 7,14,000 വിദേശികള്‍ ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ 3,54,000 പുരുഷന്മാരും 3,70,000 വനിതകളുമുണ്ട്.
പുരുഷ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 2,39,000 പേരുമായി ഇന്ത്യയാണ് മുന്പില്. വനിതകളില്‍ 1,48,000 പേരുമായി ഫിലിപ്പീന്‍സിനാണ് ഒന്നാംസ്ഥാനം. ഗാര്‍ഹികതൊഴിലാളികളുടെ മൊത്തം എണ്ണമെടുത്താലും ഇന്ത്യക്കാര്‍ തന്നെ കൂടുതല്‍. ഗാര്‍ഹിക തൊഴിലാളികളില്‍ 47.5% ഇന്ത്യക്കാരും 21% ഫിലിപ്പീന്സുകാരുമുണ്ട്.
ഇന്ത്യയും ഫിലിപ്പീന്‍സും ബംഗ്ലദേശും ചേര്‍ന്നാല്‍ മൊത്തം ഗാര്‍ഹികതൊഴിലാളികളില്‍ 92.4% ആയി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്യോപ്യക്കാരാണ് കൂടുതല്‍- 3.2%. ഗാര്‍ഹികം ഉള്‍പ്പെടെ എല്ലാ മേഖലയിലെയും തൊഴിലാളികളുടെയും എണ്ണം കണക്കാക്കിയാലും ഇന്ത്യ തന്നെ ഒന്നാം സ്ഥാനത്ത്.
കുവൈത്തില്‍ 9,25,000 ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്. സ്വദേശികള്‍ ഉള്‍പ്പെടെയുള്ള മൊത്തം തൊഴില്‍ശേഷിയുടെ 32.3% ആണ് അത്. വിദേശികള്‍ മാത്രമായി കണക്കാക്കിയാല്‍ വിദേശി തൊഴില്‍ശേഷിയില്‍ 37.3%ഉം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.